ഹോം » സംസ്കൃതി » 

ഭാരതത്തിലെ 201 പുണ്യസ്ഥാനങ്ങള്‍

October 17, 2011

ദില്ലി
ഭാരതതലസ്ഥാനമായ ദില്ലിയുടെ പുരാതനനാമധേയം ഇന്ദ്രപ്രസ്ഥമെന്നായിരുന്നു. കുറച്ചാളുകള്‍ ധരിച്ചിരിക്കുന്നത്‌ ഇന്ദ്രപ്രസ്ഥം ഒരു ചെറുഗ്രാമമായിരുന്നുവെന്നാണ്‌. ധൃതരാഷ്ടരുടെ ആജ്ഞയനുസരിച്ച്‌ പാണ്ഡവര്‍ ഇവിടെ താമസത്തിനു വന്നു. ഇതു പട്ടണരൂപത്തില്‍ നിര്‍മ്മിച്ചതു ശ്രീകൃഷ്ണഭഗവാനാണ്‌ എന്നൊക്കെയാണ്‌ വിശ്വാസം.
ഖാണ്ഡവവനത്തെ ഇന്ദ്രന്‍ സംരക്ഷിക്കുകയായിരുന്നു. അദ്ദേഹം സംരക്ഷിച്ച സ്ഥലത്തിന്‌ ഇന്ദ്രപ്രസ്ഥമെന്നു പേരുണ്ടായി. ശ്രീകൃഷ്ണഭഗവാന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ഖാണ്ഡവവനം അഗ്നിയ്ക്കു ഭക്ഷണമാക്കിത്തീര്‍ത്തു. ആ വനദഹനത്തില്‍ നിന്നും രക്ഷിക്കപ്പെട്ടതിനാല്‍ ദാനവശില്‍പിയായ മയന്‍ സന്തുഷ്ടനായി. പ്രത്യുപകാരമായി അദ്ദേഹം പാണ്ഡവര്‍ക്ക്‌ ഒരു രാജസഭ നിര്‍മ്മിച്ചുകൊടുത്തു. ശ്രീകൃഷ്ണഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഇന്ദ്രപ്രസ്ഥമെന്ന നഗരവും പാണ്ഡവര്‍ക്ക്‌ മയന്‍ നിര്‍മ്മിച്ചുകൊടുത്തു.
പുതിയ ദില്ലിയില്‍ ബിര്‍ളാക്ഷേത്രം – ലക്ഷ്മീനാരായണമന്ദിര്‍ – ദര്‍ശനീയമായ ഒരു ക്ഷേത്രമാണ്‌. കുട്ടബ്മിനാറിനു സമീപം യോഗമായാക്ഷേത്രം വളരെ പ്രാചീനമാണ്‌. ഈ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളൊന്നുമില്ല. ഒരു പീഠം മാത്രമാണുള്ളത്‌. ഇവിടെ നിന്നും ഏഴുകിലോ മീറ്റര്‍ അകലെ ഓഖലയില്‍ കാളീക്ഷേത്രമുണ്ട്‌. പുരാണകിലയ്ക്കു സമീപം കിഴക്കേക്കോട്ടയ്ക്കരുകിലായി ഒരു ഭൈരവക്ഷേത്രമുണ്ട്‌. ഇത്‌ അതിപുരാതനമാണ്‌. ഇവിടത്തെ ഭൈരവവിഗ്രഹം ഭീമസേനന്‍ കാശിയില്‍ നിന്നും കൊണ്ടുവന്നതാണ്‌. ഇന്നു ദില്ലിക്കു ചുറ്റുപാടുമായും നഗരത്തിനുള്ളിലും വേറെയും അനേകം ക്ഷേത്രങ്ങളുണ്ട്‌. അവയില്‍ പ്രധാനങ്ങളാണ്‌ ആര്‍.കെ. പുരത്തെ അയ്യപ്പക്ഷേത്രം മലയമന്ദിര്‍, മയൂര്‍വിഹാരിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം മുതലായവ.
മഥുര (പുരി 2)
“മഹാമാഘ്യാം പ്രയാഗേ തു യത്‌ ഫലം ലഭതേ നരഃ
തത്ഫലം ലഭതേ ദേവീ മഥുരായാം ദിനേ ദിനേ.”
ഭഗവാന്‍ ശ്രീപരമേശ്വരന്‍ പാര്‍വ്വതീദേവിയോടു പറയുകയാണ്‌. ഹേ ദേവി, മാഘ (കുംഭ) മാസത്തിലെ അമാവാസിദിവസം മകം നക്ഷത്രം വരുന്നതിനാല്‍ അന്നു പ്രയാഗയില്‍ സ്നാനം ചെയ്യുന്നതു വളരെ പുണ്യമാണ്‌. ആ പുണ്യം മഥുര സന്ദര്‍ശിച്ച്‌ സ്നാനം ചെയ്താല്‍ എല്ലാ ദിവസവും ലഭിക്കും. അത്രയ്ക്കു പാവനമാണ്‌ ശ്രീകൃഷ്ണഭഗവാന്റെ ജന്മഭൂമിയായ മഥുര.
മോക്ഷദായകങ്ങളായ ഏഴു നഗരങ്ങളില്‍ രണ്ടാം സ്ഥാനമാണ്‌ മഥുരയ്ക്ക്‌. ഇത്‌ ഉത്തരപ്രദേശ്‌ സംസ്ഥാനത്ത്‌ ദില്ലിയില്‍ നിന്ന്‌ നൂറ്റിരുപതു കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വലിയ നഗരമാണ്‌. ധാരാളം യാത്രാസൗകര്യങ്ങളുള്ള നഗരമാണിത്‌. തീര്‍ത്ഥാടകര്‍ക്കു താമസത്തിനും വിശ്രമത്തിനും ഇരുപതോളം ധര്‍മ്മശാലകള്‍ ഇവിടുണ്ട്‌. പണ്ഡകളുടെ വസതികളിലും യാത്രക്കാര്‍ താമസിക്കാറുണ്ട്‌.
മഥുരയില്‍ തീര്‍ത്ഥാടകര്‍ സാധാരണയായി വിശ്രാംഘാട്ടിലാണ്‌ സ്നാനം ചെയ്യുന്നത്‌. യമുനാതീരത്തെ ഇരുപത്തിനാല്‌ ഘാട്ട്‌ (കടവ്‌)കള്‍ ഇവിടുണ്ട്‌. എല്ലാം പുണ്യതീര്‍ത്ഥങ്ങളാണ്‌.
മഥുരയുടെ പുരാതനനാമഥേയം മധുപുരി – മധുവനി – എന്നായിരുന്നു. ദേവര്‍ഷി നാരദന്റെ ഉപദേശമനുസരിച്ച്‌ ഉത്താനപാദപുത്രനായ ധ്രുവന്‍ ഇവിടെ വന്നാണു തപസ്സു ചെയ്തത്‌. അദ്ദേഹത്തിനു ഭഗവദര്‍ശനവും അനുഗ്രഹവും ലഭിച്ചത്‌ ഈ പുണ്യഭൂമിയില്‍ വച്ചാണ്‌.
ത്രേതായുഗാവസാനത്തില്‍ ശ്രീരാമന്റെ ഇളയ സഹോദരനായ ശത്രുഘ്നന്‍ മധു എന്ന ദാനവനെ വധിച്ച്‌ ഇവിടെ പണിയിച്ചതാണ്‌ ഈ നഗരം. തന്റെ പുത്രന്‌ അദ്ദേഹം ഈ രാജ്യം നല്‍കി. കാലം പിന്നിട്ടപ്പോള്‍ ഇവിടെ യദുവംശരാജധാനിയായി മാറി. ഇവിടെ ഭരിച്ചിരുന്ന കംസന്റെ തടവറയിലാണല്ലോ ഭഗവാന്‍ ശ്രീകൃഷ്ണചന്ദ്രന്‍ ആവിര്‍ഭവിച്ചത്‌.
മഥുരയില്‍ പ്രധാനമായി ദര്‍ശനീയമായുള്ളതു രണ്ടു ക്ഷേത്രങ്ങളാണ്‌. ഒന്ന്‌ ദ്വാരകാധീശ ശ്രീകൃഷ്ണക്ഷേത്രം. ഇത്‌ വിശ്രാംഘാട്ടിലാണ്‌. മറ്റൊന്ന്‌ ശ്രീകൃഷ്ണജന്മഭൂമിക്ഷേത്രം.
ഇത്‌ വൃന്ദാവനത്തിലേക്കുള്ള കവാടത്തിനു സമീപമാണ്‌. ഇവിടെ ഇപ്പോള്‍ വലിയ ക്ഷേത്രം ആയിക്കഴിഞ്ഞിരിക്കുന്നു. വിശാലമായ ഒരു ഭാഗവതഭവനം നിര്‍മ്മാണത്തിലിരിക്കുന്നു.
വിശ്രാംഘാട്ടിനു സമീപം ശ്രീവല്ലഭാചാര്യ മഹാപ്രഭുവിന്റെ ആസ്ഥാനം കാണാം. ധ്രുവഘാട്ടിനു സമീപം ധ്രുവടീല (കുന്ന്‌)യിലാണ്‌ ധ്രുവന്റെ വിഗ്രഹമുള്ളത്‌. അസീകുണ്ഡഘട്ട്‌ എന്ന കടവില്‍ വരാഹക്ഷേത്രമുണ്ട്‌. ഇവിടെ വരാഹമൂര്‍ത്തിയുടെയും ഗണേശന്റെയും വിഗ്രഹങ്ങളുണ്ട്‌.
ശ്രീകൃഷ്ണജന്മഭൂമിക്കു സമീപത്താണ്‌ ഭൂതേശ്വരക്ഷേത്രവും കങ്കാളീദേവീക്ഷേത്രവും. ഭൂതേശ്വര്‍ന മഥുരയിലെ ക്ഷേത്രാധിദേവനും കങ്കാളി നഗരസംരക്ഷകിയുമാണ്‌.
ദ്വാരകാധീശക്ഷേത്രത്തിനു വലതുഭാഗത്തായി ഗതശ്രമ്നാരായണക്ഷേത്രത്തില്‍ ശ്രീരാധാകൃഷ്ണനോടൊപ്പം കുബ്ജയുടെയും വിഗ്രഹമുണ്ട്‌. (ശരീരത്തിനു മൂന്നു വളവുണ്ടായിരുന്ന കുബ്ജ രാമകൃഷ്ണന്മാര്‍ക്കു കുറിക്കുട്ടു കൊടുക്കുകയും കൃഷ്ണന്‍ അവളുടെ കൂനു നിവര്‍ത്ത്‌ സുന്ദരിയാക്കുകയും ചെയ്ത കഥ ഭാഗവതത്തിലുള്ളത്‌ ഓര്‍ക്കുക). ദ്വാരകാധീശക്ഷേത്രത്തിനു പിന്നിലായി വരാഹക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതിനു മുന്നില്‍ ഗോവിന്ദക്ഷേത്രം.
ശ്രീരാമകവാടത്തില്‍ ശ്രീരാമവിഗ്രഹം മാത്രമല്ല, എട്ടു കൈകളുള്ള ഗോപാലവിഗ്രഹവുമുണ്ട്‌. സ്വാമിഘട്ടില്‍ ശ്രീ വിഹാരിയുടെ ക്ഷേത്രവും ഗോവര്‍ദ്ധനനാഥന്റെ വിശാലമായ ക്ഷേത്രവും ദര്‍ശിക്കാം. ഹോളികവാടത്തില്‍ വജ്രനാഭന്‍ പ്രതിഷ്ഠിച്ച കംസനിന്ദകക്ഷേത്രം നിലകൊള്ളുന്നു. ശ്രീകൃഷ്ണഭഗവാന്റെ പൗത്രനായ വജ്രനാഭന്‍ താറുമാറായ മഥുരാനാഗരം പുതുക്കിപ്പണിയിച്ചു. ഇക്കാര്യം ഇവിടെ സ്മരിക്കേണ്ടതാണ്‌.
മഥുരയില്‍ വളരെയധികം ക്ഷേത്രങ്ങളുണ്ട്‌. എല്ലാറ്റിന്റെയും പേരു പറയുക വളരെ വിഷമം. എന്നാല്‍ അമ്പത്തൊന്നു ശക്തിപീഠങ്ങള്‍ പ്രസിദ്ധങ്ങളായുള്ളതിനാല്‍ ഒന്നു ഇവിടെയുണ്ടെന്ന്‌ ഓര്‍ക്കണം. ഇത്‌ സരസ്വതീകുണ്ഡത്തിനു മുന്നില്‍ കാണുന്ന ചാമുണ്ഡാദേവീക്ഷേത്രമാണ്‌. ഇവിടെ സതിയുടെ കോശം വീണു.
മധുരയിലെ പ്രദക്ഷിണം പ്രത്യേകം ഏകാദശിക്കോ അക്ഷയ നവമിക്കോ നടത്തുന്നു. പ്രദക്ഷഇണം ഏകദേശം ഏഴുകിലോമീറ്റര്‍ ഉണ്ടാവും. ഈ മാര്‍ഗത്തില്‍ മഥുരയിലെ സകല തീര്‍ത്ഥങ്ങളും സന്ദര്‍ശിക്കാം.
ജൈനതീര്‍ത്ഥം – മഥുര റെയില്‍വേസ്റ്റേഷനില്‍നിന്ന്‌ ഒന്നരകിലോമീറ്റര്‍ അകലെ ചൗരാസി എന്ന സ്ഥലത്താണു ജൈനതീര്‍ത്ഥം. ഇവിടെ ആറു ജൈനക്ഷേത്രങ്ങളുണ്ട്‌. അവസാന തീര്‍ത്ഥങ്കരനായ കേവലീജംബുസ്വാമി മഹാമുനി വിദ്യുച്ച അഞ്ഞൂറ്‌ അനുയായികളോടൊപ്പം ഇവിടെ വന്നു മോക്ഷം പ്രാപിച്ചു. അതിന്റെ സ്മാരകമായി അഞ്ഞൂറു തൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.
– സ്വാമി ധര്‍മാനന്ദ തീര്‍ത്ഥ

Related News from Archive
Editor's Pick