ഹോം » പ്രാദേശികം » എറണാകുളം » 

സി പി എം ഓഫീസ്‌ കെട്ടിട മാലിന്യം നഗരസഭ വാഹനത്തില്‍ ഡംബിങ്‌ യാര്‍ഡില്‍ തള്ളി

October 17, 2011

മൂവാറ്റുപുഴ: സി പി എം ഏരിയാ കമ്മറ്റി ഓഫീസിലെ കെട്ടിട ഭാഗം പൊളിച്ച അവശിഷ്ടം നഗരസഭ വാഹനത്തില്‍ ഡംബിംങ്ങ്‌ യാര്‍ഡില്‍ തളളി. ഇന്നലെ രാവിലെയാണ്‌ നഗരസഭയുടെ മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറില്‍ കെട്ടിട അവശിഷ്ടങ്ങള്‍ കയറ്റികൊണ്ടുപോയത്‌. ഇതിനായി നഗരസഭയുടെ ജീവനക്കാരെയും ഉപയോഗിച്ചു.
നഗരസഭയ്ക്ക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നാല്‌ വാഹനങ്ങള്‍ ഉള്ളപ്പോഴും നഗരത്തിലെ മാലിന്യങ്ങള്‍ യഥാസമയം മാറ്റുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ ഈ വാഹനങ്ങള്‍ സി പി എം ഓഫീസ്‌ അവശിഷ്ടം മാറ്റാന്‍ ഉപയോഗിച്ചത്‌. നഗരസഭ ആവശ്യങ്ങള്‍ക്കും പൊതുമാലിന്യം മാറ്റുവാനും മാത്രമാണ്‌ ഈ വാഹനം ഉപയോഗിക്കാവൂ എന്ന ചട്ടം മറികടന്നാണ്‌ നഗരസഭ ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ്‌ മാലിന്യം മാറ്റാന്‍ വാഹനം ഉപയോഗിച്ചത്‌. ചട്ടം മറികടന്ന്‌ നഗരസഭ വക വാഹനം ഉപയോഗിച്ചതിന്‌ സെക്രട്ടറിയും ചെയര്‍മാനും ഉത്തരം പറയണമെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍ നേതാവ്‌ സലീം ഹാജി ആവശ്യപ്പെട്ടു.
എന്നാല്‍ ഡംബിംഗ്‌ യാര്‍ഡിലേക്ക്‌ കയറുന്ന ഭാഗത്തേക്കുള്ള കുഴി നികത്തുന്നതിനാണ്‌ മണ്ണ്‌ അവശിഷ്ടങ്ങള്‍ കൊണ്ടുപോയതെന്നും അതിനാലാണ്‌ നഗരസഭ വാഹനം ഉപയോഗിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി. എസ്‌. സന്തോഷ്‌ പറഞ്ഞു.

Related News from Archive
Editor's Pick