ഹോം » പ്രാദേശികം » എറണാകുളം » 

ബാങ്ക്‌ ജംഗ്ഷനില്‍ സ്കൂള്‍ സമയത്ത്‌ പോലീസില്ല ഗതാഗതനിയന്ത്രണത്തിന്‌ രക്ഷിതാക്കള്‍ രംഗത്ത്‌

October 17, 2011

അങ്കമാലി: തിരക്കേറിയ ബാങ്ക്‌ ജംഗ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന്‌ പോലീസില്ലാത്തത്‌ മൂലം വിദ്യാര്‍ത്ഥികളുടെ രക്ഷയ്ക്കായി രക്ഷിതാക്കള്‍ രംഗത്ത്‌. ഹൈവേയില്‍ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്നതും റോഡ്‌ മുറിച്ച്‌ കടക്കുന്നതും അങ്കമാലി ബാങ്ക്‌ ജംഗ്ഷനിലെ ഹൈവേയിലാണ്‌. ടൗണിലെ സിഗ്നല്‍ പച്ചവീണാല്‍ ഓവര്‍ സ്പീഡില്‍വരുന്ന വാഹനങ്ങള്‍ കുട്ടികള്‍ക്കും മറ്റുയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. നാലു റോഡുകള്‍ ബന്ധിക്കുന്ന ഇവിടെ തലമുടിനാരിഴ വ്യത്യാസത്തിനാണ്‌ പലപ്പോഴും അപകടം ഒഴിവാകുന്നത്‌. ഇവിടെ ഏറെ അപകട സാധ്യതയുള്ളതിനാല്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ അപകടം വരാതെ റോഡ്‌ മുറിച്ച്‌ കടക്കുന്നതിന്‌ സഹായിക്കുവാന്‍ സ്കൂള്‍ സമയത്തെങ്കിലും പോലീസിനെ നിയോഗക്കണമെന്ന്‌ ബന്ധപ്പെട്ട അധികാരികളോട്‌ നിവേദനങ്ങളും അപേക്ഷകളുമായി നിരവധി തവണ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ്‌ രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ ഈ ഇവിടെ കുട്ടികളെ റോഡ്മുറിച്ച്‌ കടക്കുവാന്‍ സഹായിക്കുവാന്‍ തീരുമാനിച്ചത്‌. ഇത്‌ ആരേയും കുറ്റപ്പെടുത്തുവാനോ, പ്രതിഷേധത്തിനോ, സമരത്തിനോ ആയിട്ടല്ല, മറിച്ച്‌ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെകരുതി മാത്രമാണെന്ന്‌ പിടിഎ പ്രസിഡന്റ്‌ എം.വി.ഏലിയാസ്‌ അറിയിച്ചു.

Related News from Archive
Editor's Pick