ഹോം » ലോകം » 

പാലസ്തീന്‍ തടവുകാരെ വിട്ടയച്ചു തുടങ്ങി

October 18, 2011

ജറുസലം: തടവുകാരെ കൈമാറ്റം ചെയ്യാന്‍ ഇസ്രായേലും ഹമാസും ധാരണയായതിനെ തുടര്‍ന്ന് പാലസ്തീന്‍ തടവുകാരെ വിട്ടയച്ചു തുടങ്ങി. കൈമാറ്റത്തിന്റെ ആദ്യ ഭാഗമായി 477 തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയയ്ക്കുന്നത്. 1,027 തടവുകാരെ മോചിപ്പിക്കാമെന്നാണ് ധാരണ. 550 പേരെ നവംബറില്‍ വിട്ടയയ്ക്കും.

വിട്ടയയ്ക്കുന്ന തടവുകാരെ ഇസ്രായേല്‍- ഈജിപ്റ്റ് അതിര്‍ത്തിയിലുളള കെരേം ഷാലേമിലേക്കു കൊണ്ടുപോകും. തടവുകാരെ ഈജിപ്റ്റ് ഏറ്റുവാങ്ങിയ ശേഷം അതതു രാജ്യങ്ങള്‍ക്കു കൈമാറും. ഹമാസ് തടവിലാക്കിയിരിക്കുന്ന യുവ പട്ടാളക്കാരന്‍ ഗിലാദ് ഷാലിദിനെ പകരം ആയിരത്തോളം ഹമാസ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സ്വതന്ത്രരാക്കുമെന്നാണ് ധാരണ.

ഗിലാദ് ഷാലിദിനെ വിട്ടുകിട്ടാനായി ഏറെക്കാലമായി ഇസ്രായേല്‍ ശ്രമിച്ചു വരികയായിരുന്നു. റെഡ് ക്രോസ് പോലെയുള്ള സംഘടനകളും വിവിധ ലോക രാജ്യങ്ങളും ഇടപെട്ടെങ്കിലും ഹമാസ് ഷാലിദിനെ സ്വതന്ത്രമാക്കാന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ ഈജിപ്റ്റിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളാണ് പ്രശ്നത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.

ആയിരത്തിലധികം വരുന്ന ഹമാസ് തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചാല്‍ ഷാലിദിനെ സ്വതന്ത്രമാക്കാമെന്ന ഹമാസിന്റെ നിലപാട് ഇസ്രായേല്‍ അംഗീകരിച്ചതാണ് മഞ്ഞുരുക്കിയത്. ഉടമ്പടിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 1027 തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും. ഇതില്‍ 315 പേരെ ജീവപര്യന്തത്തിന് ഇസ്രായേല്‍ ശിക്ഷ വിധിച്ചവരാണ്.

പുതിയ ഉടമ്പടിയെ ഏറെ ആഹ്ലാദത്തോടെയാണ് ഇരുവിഭാങ്ങളും സ്വീകരിച്ചത്. 2006 ജൂണ്‍ 26നാണ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്നും ഇരുപതുകാരനായ ഷാലിദിനെ ഹമാസ് തട്ടിക്കൊണ്ടു പോയത്. ഷാലിദിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ആരോപിച്ച് റെഡ് ക്രോസും, വിവിധ സംഘടനകളും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും രംഗത്ത് വന്നിരുന്നു.

Related News from Archive
Editor's Pick