ഹോം » പൊതുവാര്‍ത്ത » 

പോലീസ്‌ വെടിവെപ്പ്‌ ; ചൈനയില്‍ ടിബറ്റുകാര്‍ക്ക്‌ പരിക്ക്‌

October 19, 2011

ബീജിംഗ്‌: കഴിഞ്ഞ ഞായറാഴ്ച ചൈനയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത്‌ ചൈന പോലീസിന്റെ വെടിവെപ്പില്‍ രണ്ട്‌ ടിബറ്റന്‍ പ്രക്ഷോഭകാരികള്‍ക്ക്‌ പരിക്കേറ്റതായും അടുത്ത ദിവസം ഒരു സന്യാസിനി സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്തതായും ടിബറ്റിന്‌ സ്വയം നിര്‍ണായക അവകാശം കൊടുക്കണമെന്ന്‌ വാദിക്കുന്ന സംഘടന അറിയിച്ചു. ചൈനയുടെ ഭരണത്തിനെതിരെ സിയാച്ചിന്‍ പ്രവിശ്യയിലിലുള്ള ജനങ്ങളുടെ രോഷമാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവങ്ങള്‍ അബ പ്രദേശത്ത്‌ പുതിയ സൈനിക നീക്കത്തിന്‌ ചൈനയെ പ്രേരിപ്പിക്കുമെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കരുതുന്നു. 2008 മാര്‍ച്ചില്‍ ബുദ്ധഭിക്ഷുക്കളും ദലൈലാമയോട്‌ കൂറു പുലര്‍ത്തുന്ന ടിബറ്റിലെ ജനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ മുറിവേറ്റ ഭാവ, ഡ്രുക്ക്ലോ എന്നിവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ലണ്ടന്‍ ആസ്ഥാനമായ ഫ്രീ ടിബറ്റന്‍ എന്ന സംഘടന അറിയിച്ചു. അടുത്ത ദിവസം അബ പ്രദേശത്തുനിന്ന്‌ 3 കിലോമീറ്റര്‍ അകലെയാണ്‌ ടെന്‍സില്‍ വാങ്ങ്മോ എന്ന സന്യാസിനി ഒരു ആശ്രമത്തിനു പുറത്ത്‌ തീ കൊളുത്തി ആത്മാഹൂതി നടത്തിയത്‌. ഈ വര്‍ഷം നടക്കുന്ന ഒമ്പതാമത്തെ ആത്മാഹൂതിയാണ്‌ ഇത്‌. മരണത്തിനുമുമ്പ്‌ ടിബറ്റില്‍ മതസ്വാതന്ത്ര്യവും ദലൈലാമയുടെ തിരിച്ചുവരവും അവര്‍ ആവശ്യപ്പെട്ടു. ഇതിന്‌ ഏഴുമാസം മുമ്പ്‌ കീര്‍ത്തി ആശ്രമത്തില്‍ ടിബറ്റില്‍ ബുദ്ധഭിക്ഷുവായ 21 കാരനായ ഫുണ്ട്‌ സോഗ്‌ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ചൈനീസ്‌ ഭരണകൂടത്തിന്റെ നടപടിയില്‍ 300 ടിബറ്റന്‍ ഭിക്ഷുക്കളെ ഒരു മാസത്തേക്ക്‌ സുരക്ഷ സൈന്യം തടവില്‍ പാര്‍പ്പിച്ചു.
ദാവയേയും ഡ്രൂക്ക്ലോയേയും സുരക്ഷാ ഭടന്മാര്‍ എന്തിനാണ്‌ വെടിവെച്ചതെന്ന്‌ തങ്ങള്‍ക്കറിയില്ലെന്ന്‌ ഫ്രീ ടിബറ്റ്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ ചൈനയുടെ ഭരണത്തിന്‍ കീഴില്‍ ടിബറ്റ്‌ അനുഭവിക്കുന്ന യാതനകളിലേക്ക്‌ ലോകശ്രദ്ധ ആകര്‍ഷിക്കാനായി ജീവന്‍ വെടിയാന്‍ തയ്യാറാണെന്ന്‌ ഫ്രീ ടിബറ്റ്‌ ഡയറക്ടര്‍ സ്റ്റെഫാനി ബ്രിഗ്ഡണ്‍ അറിയിച്ചു. ചൈനീസ്‌ ഭരണകൂടം ഇത്തരം സംഭവങ്ങള്‍മൂലം കൂടുതല്‍ കടുത്ത നടപടികളിലേക്ക്‌ നീങ്ങുമോ എന്ന ആശങ്കയുളളതായി അവര്‍ അറിയിച്ചു. 1950 മുതലാണ്‌ ടിബറ്റിനു മേല്‍ ചൈന നിയന്ത്രണം ആരംഭിച്ചത്‌. ദലൈലാമയെ ചൈന ഒരു വിഘടനവാദിയായാണ്‌ കണക്കാക്കുന്നത്‌.

Related News from Archive
Editor's Pick