രാഹുലിനെ കാണാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന്‌ ഹസാരെയുടെ നാട്ടുകാര്‍

Wednesday 19 October 2011 1:31 am IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നാട്ടിലെ ഒരു സംഘം ഗ്രാമീണര്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ നിരാശരായി മടങ്ങി. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അവര്‍ക്ക്‌ സമയം അനുവദിച്ചിട്ടില്ലെന്നാണ്‌ ഓഫീസിലുള്ളവര്‍ പറഞ്ഞത്‌. ഇത്‌ ആശയവിനിമയത്തില്‍ വന്ന തകരാറാണെന്ന്‌ ഒരു കോണ്‍ഗ്രസ്‌ അംഗം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതുമൂലം ആശയക്കുഴപ്പത്തിലായ മഹാരാഷ്ട്രയിലെ റാലേഗന്‍ സിദ്ധി ഗ്രാമക്കാര്‍ തങ്ങളിനി രാഹുല്‍ഗാന്ധിയെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ അറിയിച്ചു. ഹസാരെയുടെ സെക്രട്ടറി സുരേഷ്‌ പതാരെയും ഗ്രാമത്തലവന്‍ ജയ്സിംഗ്‌ റാവുമാപ്പൂരിയും തിങ്കളാഴ്ചയാണ്‌ രാഹുല്‍ഗാന്ധിയെ കാണുവാന്‍ ദില്ലിയിലെത്തിയത്‌. തങ്ങള്‍ക്ക്‌ രാഹുലിന്റെ ഓഫീസില്‍ നിന്നും തോമസില്‍നിന്നും കൂടിക്കാഴ്ച ഉറപ്പിച്ചതായി ഫോണില്‍ അറിയിപ്പു ലഭിച്ചിരുന്നുവെന്ന്‌ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന്‌ കാരണം തന്റെ ഓഫീസില്‍ ആശയവിനിമയത്തിലുണ്ടായ തകരാറാണെന്ന്‌ കേരളത്തിലെ ഇടുക്കിയില്‍നിന്നുള്ള പാര്‍ലമെന്റംഗം പി.ടി. തോമസ്‌ അറിയിച്ചു. താന്‍ സംഘാംഗങ്ങളോട്‌ ക്ഷമാപണം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഗ്രാമീണ സംഘത്തിന്‌ സമയം കൊടുത്തുവെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ രാഹുലിന്റെയും പി.ടി. തോമസിന്റെയും ഓഫീസുകള്‍ വിശദീകരിച്ചു.