ഹോം » പ്രാദേശികം » എറണാകുളം » 

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: പരാതികള്‍ താലൂക്കിലും നല്‍കാം

October 19, 2011

കൊച്ചി: നവംബര്‍ 19 ന്‌ എറണാകുളത്ത്‌ നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കുളള ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്ന്‌ മുതല്‍ നവംബര്‍ 10 വരെ കളക്ട്രേറ്റില്‍ സ്വീകരിക്കും താലൂക്ക്‌ ഓഫീസുകളിലും പരാതി നല്‍കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു.
പരാതിക്കും ഉളളടക്കം ചെയ്ത കവറിനും മുകളില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എന്ന്‌ വ്യക്തമായി എഴുതണം. പരാതിക്കാരന്റെ പൂര്‍ണവിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. കളക്ട്രേറ്റിലും താലൂക്ക്‌ ഓഫീസിലും ലഭിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട വകുപ്പിന്‌ കൈമാറും. നവംബര്‍ 10 വരെ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും അതത്‌ വകുപ്പുകള്‍ നടപടി സ്വീകരിച്ച്‌ നവംബര്‍ 15 നകം ജില്ലാതല പരാതി പരിഹാര സെല്ലില്‍ വിവരമറിയിക്കും. ഏതു പരാതിക്കും മറുപടി നല്‍കിയിരിക്കണമെന്ന്‌ നിര്‍ദേശിച്ച കളക്ടര്‍ ഓരോ ഓഫീസിലും ഇതിനായി പ്രത്യേകം രജിസ്റ്റര്‍ തുടങ്ങണമെന്നും ആവശ്യപ്പെട്ടു.
ഇതേക്കുറിച്ചാലോചിക്കാന്‍ കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥതല യോഗത്തിലാണ്‌ കളക്ടര്‍ ഇക്കാര്യമറിയിച്ചത്‌.
അനുകൂലമായി തീര്‍ക്കാവുന്ന എല്ലാ പരാതികളും അത്തരത്തില്‍ പരിഹരിക്കാന്‍ കഴിയണം. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനുളള ഒരു സുവര്‍ണാവസരമായി പൊതുജനസമ്പര്‍ക്ക പരിപാടിയെ ഉദ്യോഗസ്ഥര്‍ കാണണമെന്നും ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു.
ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതത്‌ വകുപ്പുകള്‍ കളക്ട്രേറ്റിലെ പരാതി പരിഹാര സെല്ലിനു കൈമാറും. ഇതിനായി പ്രത്യേക സംവിധാനങ്ങളാണ്‌ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്റര്‍ ഒരുക്കുന്നത്‌. വകുപ്പുകള്‍ നല്‍കുന്ന മറുപടികള്‍ അതത്‌ ദിവസം തന്നെ ജില്ലയുടെ വെബ്‌ വിലാസത്തില്‍ കൈമാറും.
ലഭിക്കുന്ന ഓരോ പരാതിക്കും കൈപ്പറ്റു രസീതും ടോക്കണും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആരെ ബന്ധപ്പെടണമെന്ന കാര്യവും ടോക്കണില്‍ സൂചിപ്പിക്കും. നവംബര്‍ 16 ന്‌ വീണ്ടും ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു പ്രവര്‍ത്തനം അവലോകനം ചെയ്യാനും യോഗം തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ മൈതാനിയിലാണ്‌ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ താല്‍ക്കാലികമായി തീരുമാനിച്ചിട്ടുളളത്‌.
എഡിഎം ഇ.കെ.സുജാത, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ ഓഫീസര്‍ വി.ടി.സന്തോഷ്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ്‌, വിവിധവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick