ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വിലക്കയറ്റത്തിനെതിരെ സ്ത്രീകള്‍ സമരരംഗത്തിറങ്ങണം: പത്മിനി ടീച്ചര്‍

June 28, 2011

കണ്ണൂര്‍: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി സമരരംഗത്ത്‌ വരണമെന്ന്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എ.പി.പത്മിനി ടീച്ചര്‍ പറഞ്ഞു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേസ്റ്റേഷന്‍ മാര്‍ച്ച്‌ പാചകവാതക സിലിണ്ടറില്‍ റീത്ത്‌ വെച്ച്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം 11 തവണയാണ്‌ ഇന്ധനവില വര്‍ധിപ്പിച്ചത്‌. വില നിര്‍ണ്ണയിക്കാനുളള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കിയതാണ്‌ രൂക്ഷമായ വിലക്കയറ്റത്തിന്‌ കാരണമായിരിക്കുന്നത്‌. ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം ഉടന്‍ പിന്‍വലിക്കണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.
സോണിയാഗാന്ധിയുടെ ഇംഗിതത്തിനനുസരിച്ച്‌ ഭരിക്കേണ്ട ഗതികേടിലാണ്‌ മന്‍മോഹന്‍സിംഗെന്നും വര്‍ധിപ്പിച്ച വിലയിലെ നികുതി ഒഴിവാക്കിയതുകൊണ്ട്‌ പ്രശ്നം തീരില്ലെന്നും അവര്‍ വ്യക്തമാക്കി. എല്ലാറ്റിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളാണ്‌ വിലക്കയറ്റത്തില്‍ ഏറെ ബുദ്ധിമുട്ടുന്നത്‌. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ കള്ളന്‌ കഞ്ഞിവെക്കുന്ന നടപടിയാണ്‌ പിന്‍തുടരുന്നതെന്നും ടീച്ചര്‍ പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ സി.പി.സംഗീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജ ശിവന്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന പ്രശാന്ത്‌ നന്ദിയും പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി രേഖാ ശിവദാസ്‌, എന്‍.സരസ്വതി, കെ.സരോജ, എ.പി.സരസ്വതി എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick