ഹോം » കേരളം » 

മുല്ലപ്പെരിയാര്‍ : തമിഴ്‌നാടിന്റെ നിലപാടിനോട് യോജിക്കുന്നു

June 29, 2011

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ നിലപാടിനോടു യോജിക്കുന്നതായി ജലവിഭവ മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

30 ലക്ഷം കേരളീയരെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു. ജപ്പാന്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

മുടങ്ങി കിടക്കുന്ന പദ്ധതിയ്ക്കായി എത്ര തുക വേണ്ടിവരും എത്ര അനുവദിക്കാം എന്നതു സംബന്ധിച്ചു കണക്കുകള്‍ തയാറാക്കണം. ഇക്കാര്യത്തില്‍ പ്ലാനിങ് ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. കരാര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്തും.

കനാലുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമായ തുക അനുവദിക്കുമെന്നും ജോസഫ് പറഞ്ഞു. അട്ടപ്പാടി ജലസേചന പദ്ധതി പുനരാരംഭിക്കുന്നകാര്യം പരിഗണിക്കും. ഡാമുകളില്‍നിന്ന് മണലെടുപ്പിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick