ഹോം » കേരളം » 

വയനാട്ടിലെ കോളറ : പ്രതിപക്ഷം ഇറങ്ങിപ്പോയി

June 29, 2011

തിരുവനന്തപുരം: വയനാട്ടിലെ കോളറ വ്യാപനത്തില്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

എ പ്രദീപ്‌ കുമാര്‍ എംഎല്‍എയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ്‌ വയനാട്ടില്‍ കോളറ മരണമുണ്ടായതെന്ന്‌ പ്രദീപ്‌ കുമാര്‍ ആരോപിച്ചു. ജില്ലാ നേതൃത്വം വിളിച്ച യോഗത്തില്‍ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുത്തില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല. ആറുപേര്‍ മരിച്ചു. വെറും 30,000 രൂപയാണു സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.

ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വീതം നല്‍കണം. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീക്കരിക്കണമെന്നും പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം, കോളറ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ മറുപടി നല്‍കി. കോളറബാധയെക്കുറിച്ച്‌ പഠിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പ്രത്യേക സംഘം ഇന്ന്‌ വയനാട്ടിലെത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. തോമസ്‌ മാത്യു, ഡോ. പ്രദീപ്‌ കുമാര്‍, ഡോ. സുകുമാരന്‍ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ്‌ ജില്ലയില്‍ സന്ദര്‍ശനം നടത്തുക. ഇവര്‍ ജില്ലയിലെ കോളറ ബാധിതരേയും, കോളറ ബാധിത കോളനികളും സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ല കലക്ടര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ഉറപ്പുനല്‍കി.

ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികള്‍ തുടരും. ആദിവാസികളുടെ മരണം ആഘോഷിക്കാനാണു പ്രതിപക്ഷ ശ്രമം. ഇത് അനുവദിക്കില്ല. മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി രോഗം കണ്ടുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രി പി.കെ.ജയലക്ഷ്‌മി അവിടെ യോഗം വിളിച്ച്‌ ചേര്‍ക്കുകയും, മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 30,000 രൂപയുടെ സഹായം എത്തിക്കുകയും ചെയ്‌തിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി.

വയനാട്ടിലെ കോളനികളിലെ എല്ലാ വീടുകളിലും കക്കൂസ്‌ പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, അവിടെ ശുദ്ധജല ലഭ്യത ഉപ്പുവരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടിവെള്ളം വണ്ടികളില്‍ എത്തിക്കും. വാഹനങ്ങള്‍ എത്താത്ത സ്ഥലത്തു കുപ്പിവെളളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചോ, പത്തോ ലക്ഷം രൂപ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ‘മന്‍മോഹന്‍ സിംഗിന്റെ കൈയില്‍ 2 ജി സ്‌പെക്‌ട്രത്തിന്റെ കാശുണ്ടല്ലോ, നിങ്ങള്‍ ചെന്ന്‌ കൈ നീട്ടിയാല്‍ ഇഷ്‌ടം പോലെ തരുമല്ലോ, അത്‌ വാങ്ങി കൊടുക്കണം’- വി.എസ്‌. പറഞ്ഞു. തുടര്‍ന്നായിരുന്നു വാക്കൌട്ട്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick