മൂലമറ്റം അപകടം: പൊള്ളലേറ്റ സബ് എഞ്ചിനീയറും മരിച്ചു

Wednesday 29 June 2011 12:35 pm IST

കോലഞ്ചേരി: മൂലമറ്റം പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന സബ്‌ എഞ്ചിനിയര്‍ ആറ്റിങ്ങല്‍ സ്വദേശി കെ.എസ്‌. പ്രഭയും(50) മരിച്ചു. ഇവര്‍ക്ക് എണ്‍പത് ശതമാനം പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ഗുരുതരാവസ്ഥയിലായിരുന്നു. തൊടുപുഴ സ്വദേശിയായ അസിസ്റ്റന്റ്‌ എന്‍ജിനിയര്‍ മെറിന്‍ ആന്റണി കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇരുവരും കണ്‍‌ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ മാസം 21ന്‌ വൈകിട്ട്‌ 5.30ഓടെയാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. പവര്‍ ഹൗസിലെ അഞ്ചാം ജനറേറ്ററില്‍നിന്നുള്ള വൈദ്യുതിയുടെ റീഡിംഗ്‌ എടുക്കുന്നതിനിടെ ജനറേറ്ററിന്റെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ കണ്‍ട്രോള്‍ പാനലിന്‌ തീപിടക്കുകയായിരുന്നു.