വാഷിംഗ്ടണ്‍: അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് ഇനി നമുക്ക് മാറ്റിയെഴുതാം. കാരണം, കഷണ്ടിക്ക് നല്ല അസല്‍ മരുന്നുമായി ദാ അമേരിക്കയിലെ ഗവേഷകര്‍ എത്തിയിരിക്കുന്നു. മൂലകോശം അഥവാ സ്റ്റെം സെല്‍ ഉപയോഗിച്ച് പുതിയ മുടി വളര്‍ത്താമെന്നാണ് കണ്ടുപിടിത്തം.
സ്റ്റാന്‍ ഫോര്‍ഡ്, ബേണ്‍ഹാം മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കഷണ്ടിക്ക് മരുന്നിനുള്ള ആദ്യപടി കടന്നത്. മനുഷ്യമൂലകോശത്തില് നിന്ന്, മുടിവളരുന്ന പുതിയ കോശങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗമാണ് ഞങ്ങള്‍ വികസിപ്പിച്ചത്. മുടി പറിച്ചുനടുന്ന( ട്രാന്സ്പെരന്റിംഗ്) മാര്‍ഗമാണ് നിലവിലുള്ളത്. പുതിയ മാര്‍ഗം ഇതിനേക്കാള്‍ വളരെയേറെ മെച്ചമാണ്. ഗവേഷക സംഘത്തലവനായ പ്രൊഫ. അലക്സി ടെര്സ്കിക് പറഞ്ഞു.
രോമം വളരാന്‍ ശേഷിയുള്ള, എണ്ണമില്ലാത്തത്ര കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പുതിയ മാര്‍ഗത്തിലൂടെ കഴിയും. മൂലകോശങ്ങളെ രോമവളര്‍ച്ചയുള്ള കോശങ്ങളായി (പാപ്പില സെല്‍സ്, ശരീരത്തില്‍ രോമവളര്‍ച്ചയുള്ള മറുകുകളിലും മുഴകളിലും മുലക്കണ്ണുകളിലും ഉള്ള കോശങ്ങള്‍) മാറ്റുകയാണ് പുതിയ മാര്‍ഗത്തിലൂടെ ചെയ്യുന്നത്.
ഇങ്ങനെ വളര്‍ത്തിയെടുത്ത കോശങ്ങളെ എലികളില്‍ പരീക്ഷിച്ചത് വിജയപ്രദമായിരുന്നു. ഇനി മനുഷ്യ മൂലകോശത്തില്‍ നിന്ന് വളര്‍ത്തിയെടുത്ത, രോമവളര്‍ച്ചയുള്ള കോശങ്ങളെ മനുഷ്യരില്‍ പരീക്ഷിക്കുകയാണ് അടുത്ത പടി. ടെര്സ്കിക് പറഞ്ഞു.അടുത്ത പടി കൂടിക്കടന്നാല്‍, കഷണ്ടിക്കും മുടി കൊഴിച്ചിലിനും ഉത്തമ മരുന്നാകും. പക്ഷെ ചെലവ് അല്‍പ്പം കൂടിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: