ഹോം » പൊതുവാര്‍ത്ത » 

കോടതിക്ക് മുന്നില്‍ തടിയന്റവിട നസീറിന്റെ പ്രതിഷേധം

June 29, 2011

കൊച്ചി: തീവ്രവാദക്കേസുകളിലെ പ്രതിയായ തടിയന്റവിട നസീറും കൂട്ടു പ്രതികളും എന്‍.ഐ.എ കോടതിക്ക് മുമ്പില്‍ ബഹളമുണ്ടാക്കി.  ജീവന് ഭീഷണിയുണ്ടെന്ന തന്റെ പരാതി പരിഗണിച്ചില്ലെന്ന് കാട്ടിയാണ് നസീര്‍ പ്രതിഷേധിച്ചത്.

കോഴിക്കോട് ഇരട്ടസ്ഫോടന കേസുകളുടെ വിചാരണ നടപടികള്‍ക്കായാണ് നസീറിനെയും കൂട്ടാളികളെയും എന്‍.ഐ.എ കോടതിയില്‍ എത്തിച്ചത്. കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനെ പോലീസ് തടഞ്ഞതോടെയാണ് നസീറും കൂട്ടു പ്രതികളായ ഷഫാസും യൂസഫും പ്രതിഷേധിച്ചത്.

തനിക്ക് വധഭീഷണിയുണ്ടെന്ന് തെളിവ് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നസീര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ബഹളത്തിനിടെ നസീറിനെയും മറ്റ് പ്രതികളെയും പോലീസ് ബലം പ്രയോഗിച്ച് കോടതിക്ക് ഉള്ളില്‍ കയറ്റുകയായിരുന്നു.

ഇതിനിടെ തടിയന്റവിട നസീറിന് ജയിലില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ജയിലധികൃതര്‍ അറിയിച്ചു. തന്നെ ജയിലില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് നസീര്‍ എറണാകുളം സി.ജെ.എം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. നസീറിന്റെ പരാതിയെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

ബംഗളുരു ജയിലിലേക്ക് മാറ്റണമെന്ന നസീറിന്റെ ആവശ്യം കോഴിക്കോട് ഇരട്ടസ്ഫോടന കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമായാണ് എന്‍.ഐ.എ കാണുന്നത്.

Related News from Archive
Editor's Pick