കൊച്ചി: സാമൂഹ്യതിന്മകള്ക്കെതിരെ സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി ബിഎംഎസ് മൂന്ന് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണിത്. സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, ജോലി സ്ഥലത്ത് അനുഭവിക്കുന്ന പീഡനങ്ങള്‍, പ്രവര്‍ത്തി സമയത്തിലെ വര്‍ദ്ധന എന്നിവ ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കും. നാളെ 10.30 നാണ് സമ്മേളനങ്ങള്‍. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍. ഓരോ സമ്മേളനത്തിലും 2000 ത്തിലധികം സ്ത്രീ തൊഴിലാളികള്‍ പങ്കെടുക്കും. സംസ്ഥാനത്ത് അദ്യമായിട്ടാണ് ഇത്തരമൊരു സമ്മേളനം.
കൊച്ചിയില്‍ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനം പ്രമുഖ മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന് ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ വേദിക്ക് വിഷന്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഡോ. എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ് ദേശീയസമിതി അംഗം വി. ജി. പത്മജം അധ്യക്ഷത വഹിക്കും. കൊച്ചിന് കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആശാമോള്‍ എന്നിവര്‍ പ്രസംഗിക്കും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി ചന്ദ്രശേഖരന് സമാപന പ്രസംഗം നടത്തും.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മധ്യമേഖല സമ്മേളനത്തില്‍ പങ്കെടുക്കുകയെന്ന് വി രാധാകൃഷ്ണന്(ബിഎംഎസ് സംസ്ഥാന ട്രഷറര്‍), അഡ്വ. ടി.പി സിന്ധുമോള്‍(ജില്ലാ ജോ. സെക്രട്ടറി), സതി ഹരിദാസ്(ജില്ലാ കമ്മറ്റിയംഗം), എം.എസ്. വിനോദ് കുമാര്‍(ജില്ലാ പ്രസിഡണ്ട്), കെ.വി മധുകുമാര്‍( ജില്ലാ സെക്രട്ടറി) എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: