തിരുവനന്തപുരം : നിലവിലെ എല്‍ഡിക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ വെറും ആറുനാള്‍ മാത്രം. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതോടെ നിയമനത്തിനായി കാത്തിരുന്ന 45000 പേര് വഴിയാധാരമാവും. ഏപ്രില്‍, മേയ്, ജൂണ്‍ മാസത്തെ വിവിധ വകുപ്പുകളിലെ പ്രതീക്ഷിത എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ക്ക് തത്തുല്യമായ എണ്ണം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ അനുമതി നല്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുക കേവലം 1000ത്തില്‍ താഴെ പേര്‍ക്ക് മാത്രമായിരിക്കും.
പ്രാഥമിക കണക്ക് പ്രകാരം വരുന്ന മൂന്ന് മാസങ്ങളില്‍ വെറും 416 ഒഴിവുകള്‍ മാത്രമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുക. മുന്‍ വര്‍ഷത്തെ റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് 2012 ഏപ്രില്‍ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെ യുള്ള ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി നല്‍കിയിരുന്നു. മുന്‍ ലിസ്റ്റിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ ഒഴിവുകള്‍ ലഭിച്ചപ്പോള്‍ 2012 മാര്‍ച്ചില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇത് മൂന്ന് മാസമായി ചുരുങ്ങി. മുന്‍ ലിസ്റ്റിലുള്ളവരുടെ റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് മാസം നീട്ടി നല്കിയതും പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ചതും നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇരുട്ടടിയായി.
എല്ലാവര്‍ഷവും 80% പേരെ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമിക്കാറുണ്ട്. ഇത്തവണ നിയമനം നടന്നിട്ടുള്ളത് വെറും 17% മാത്രമാണ്. 56,706 പേര് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനശുപാര്‍ശ ലഭിച്ചത് വെറും 9969 പേര്‍ക്ക് മാത്രമാണ്. ഇതില്‍ 1619 നിയമനങ്ങള്‍ തസ്തികമാറ്റം വഴിയുള്ളതും. ഫലത്തില്‍ 8350 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്.
കഴിഞ്ഞ വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ നിന്നും 15,357 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നപ്പോഴാണ് ഈ അവസ്ഥ. എല്ലാ പിഎസ്സി റാങ്ക് ലിസ്റ്റുകളും സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആറുമാസം നീട്ടി നല്‍കിയിട്ടും എല്ഡിസിക്കാരുടെ റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാത്തത് അവഗണനായെണെന്ന് ചൂണ്ടിക്കാട്ടുന്നു. പിഎസ്സിയുടെ നീതിനിഷേധത്തിനെതിരെ ആള് കേരള റാങ്ക് ഹോള്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരമാരംഭിച്ചിരുന്നു.
സെക്രട്ടറിയേറ്റിനു മുന്നില്‍ ശവപ്പെട്ടികളില്‍ കിടന്ന് നടത്തുന്ന പ്രതിഷേധസമരം ഏഴാം ദിനത്തിലേക്ക് കടന്നതോടെ സമരരംഗത്തുണ്ടായിരുന്ന അവശത അനുഭവപ്പെട്ട ഗീത, സജിന്‍ എന്നിവരെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കുംവരെ ശവപ്പെട്ടി സമരവുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: