ഹോം » കേരളം » 

കോണ്‍ഗ്രസ്‌ ക്ഷീണിച്ചാല്‍ ഗുണം ബിജെപിക്കെന്ന്‌ മുഖ്യമന്ത്രി

June 29, 2011

തിരുവനന്തപുരം: അന്ധമായ കോണ്‍ഗ്രസ്‌ വിരോധം കമ്മ്യൂണിസ്റ്റുകാര്‍ ഉപേക്ഷിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്‌ ബലഹീനമായപ്പോഴെല്ലാം രാജ്യം ദുര്‍ബലപ്പെട്ട ചരിത്രമാണുള്ളത്‌. ഗുണം ലഭിച്ചത്‌ ബിജെപിക്കാണെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കൊടുവില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയുടെ ആത്മാവ്‌ മതേതരത്വമാണെന്നും അതിന്‌ കത്തിവയ്ക്കുന്ന പാര്‍ട്ടിയാണ്‌ ബിജെപിയെന്നും ആ പാര്‍ട്ടിയുമായി ഒരു കൂട്ടുകെട്ടും കോണ്‍ഗ്രസ്‌ നടത്തില്ലെന്നും പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തിന്റെ സഹകരണമാണ്‌ അഭ്യര്‍ഥിച്ചത്‌. ഇതിന്‌ പ്രതികരണവുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ കോണ്‍ഗ്രസുകാര്‍ അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധവും കൊണ്ടുനടക്കരുതെന്നാണ്‌ അഭ്യര്‍ഥിച്ചത്‌.
മുഖ്യമന്ത്രിയുടെ മതേതരത്വ നിലപാട്‌ വിശദീകരണം അല്‍പനേരം വിവാദങ്ങള്‍ക്കാണ്‌ സാഹചര്യമൊരുക്കിയത്‌. തന്റെ സര്‍ക്കാര്‍ തകര്‍ന്നാലും അയോധ്യയിലെ കെട്ടിടം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച വി.പി.സിംഗിനെ അധികാരത്തില്‍ നിന്നും ഇറക്കിയത്‌ കോണ്‍ഗ്രസല്ലേ എന്ന്‌ എം.എ.ബേബി ചോദിച്ചു. വി.പി.സിംഗ്‌ പ്രധാനമന്ത്രിയായത്‌ സിപിഎമ്മിന്റെയും ബിജെപിയുടെയും പിന്തുണ കൊണ്ടായിരുന്നില്ലേ എന്ന്‌ ഉമ്മന്‍ചാണ്ടി തിരിച്ചു ചോദിച്ചു. എല്ലാ ചൊവ്വാഴ്ചയും പിന്തുണ നല്‍കുന്ന പാര്‍ട്ടികള്‍ അത്താഴവിരുന്നില്‍ ഒരുമിച്ചു കൂടിയതായും ഉമ്മന്‍ചാണ്ടി വിവരിച്ചു. സി.കെ.നാണുവും കോടിയേരി ബാലകൃഷ്ണനും വിവാദത്തില്‍ പങ്കുചേര്‍ന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick