സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ അവിടുന്നു പ്രതേ്യകിച്ച് എന്തിനുള്ളില്‍ വസിക്കാനാണ്? ഒരു ചെറിയ ഗ്ലാസിനുള്ളിലേക്ക് ഒരു വലിയ സഞ്ചി ഒതുക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? ഗ്ലാസു കാണാന്‍ കഴിയാത്തവിധം അതു വെളിയിലേക്കു കിടക്കും. ഒരു നദിയില്‍ കുടം മുക്കിയാല്‍ അകത്തും പുറത്തും വെള്ളം നിറഞ്ഞുനില്ക്കും. അതുപോലെ ഇൗശ്വരന് ഈ രൂപങ്ങളിലൊന്നും ഒതുങ്ങുന്നതല്ല അതിനുമപ്പുറമാണ്.
സര്‍വ്വ ഉപാധികള്‍ക്കും അതീതനായ, സര്‍വ്വവ്യാപകനായ, സര്‍വ്വശക്തനുമായ അവിടുത്തെപ്പറ്റി നമുക്കു സങ്കല്പിക്കാന്കഴിയുമോ? പിന്നെ നമ്മുടെ സൗകര്യത്തിനുവേണ്ടി നമുക്ക് ഭാവന ചെയ്യുന്നതിനുവേണ്ടി ഒരു പ്രതേ്യക വാസസ്ഥാനം പറയുന്നു. അവിടുന്നു ഹൃദയത്തില്‍ വസിക്കുന്നതായി പറയുന്നവരുണ്ട്. അവര്‍ക്ക് അവിടുന്നു ഹൃദയത്തിലാണ്. വീട്ടിനകത്താണെന്നു കരുതുകയാണെങ്കില്‍ അവിടെയാണ്.
അത് ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചിരിക്കും. തന്നെ കൊല്ലാനായി നല്കിയ വിഷത്തെപ്പോലും ഈശ്വരപ്രസാദമായിക്കണ്ടപ്പോള് മീരക്കതു വിഷമല്ലാതായിത്തീര്‍ന്നു. പ്രഹ്ലാദന് തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നു കണ്ടു. അവിടുന്ന് എല്ലാവരിലുമുണ്ടെന്നു വിശ്വസിച്ചു ജീവിക്കുന്നവള്‍ അവിടുത്തെ പൂര്‍ണമായി ദര്‍ശിക്കുന്നു. ആ വിശ്വാസമില്ലാത്തവന് ഈശ്വരദര്‍ശനം ഒരിക്കലും സാദ്ധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: