കൊച്ചി : കോട്ടയം എംജി സര്‍വകലാശാലയില്‍ നടന്ന ഗവേഷണത്തില്‍ ചികിത്സയില്‍ നിര്‍ണായകമായ നാനോ കണങ്ങള്‍ ഹോമിയോ മരുന്നുകളില്‍ കണ്ടെത്തി.
ഓറം മെറ്റാലികം (6സി – സിഎം പൊട്ടന്‍സി) ആസ്പദമാക്കി എംജി സര്‍വകലാശാലയിലെ നാനോ സയന്‍സ് ലാബില്‍ ഡോ. ഇ.എസ് രാജേന്ദ്രന് നടത്തിയ പഠനത്തിലാണ് ഹോമിയോപ്പതി നേര്‍പ്പിക്കലുകളില്‍ നാനോകണങ്ങള്‍ ഉള്ളതായി വ്യക്തമായത്.
ഹൈ റെസല്യൂഷന്‍ ട്രാന്സ്മിഷന് ഇലക്ട്രോണിക് മൈക്രോസ്കോപ്പ് (എച്ച്ആര്ടിഇഎം), എനര്‍ജി ഡിസ്പേഴ്സീവ് സ്പെക്ട്രോമീറ്റര്‍ (ഇഡിഎസ്) എന്നിവ ഉപയോഗിച്ചാണ് നേര്‍പ്പിക്കലുകള്‍ വിശകലനം ചെയ്തത്. എല്ലാ ഹോമിയോപ്പതിക് നേര്പ്പിക്കലുകളിലും നാനോകണങ്ങളുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞതായി ഡോ. രാജേന്ദ്രന് പറഞ്ഞു.
സമാനരീതിയില്‍ ഐഐടി – ബിയില്‍ ഡോ. ജയേഷ് ബെല്ലാരേ നടത്തിയ പഠനവും ഹോമിയോപ്പതിക് മരുന്നുകളില്‍ നാനോകണങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തിയിരുന്നു.
പഠനഫലങ്ങള്‍ മുംബൈയില്‍ ഏപ്രില്‍ 11 മുതല്‍ നടക്കുന്ന ദ്വിദിന ലോക ഹോമിയോപ്പതി ഉച്ചകോടിയില്‍ അവതരിപ്പിക്കും.
ബംഗളൂരുവിലെ ഐഐഎസ് ലാബില്‍ ലികോപോഡിയം, സോറിനം എന്നീ മരുന്നുകളില്‍ എഫ്ഇഎസ്ഇഎം, ഇഡിഎസ് എന്നിവ ഉപയോഗിച്ച് നടത്തിയ പഠനങ്ങളും സമാനഫലം നല്‍കിയതായി ഡോ. രാജേന്ദ്രന് പറഞ്ഞു. സസ്യസ്രോതസുകളില്‍ നിന്നും ജൈവിക പദാര്‍ത്ഥങ്ങളില്‍ നിന്നും തയാറാക്കിയ മരുന്നുകളാണ് വിശകലനം ചെയ്തു വരുന്നത്.
ഹ്യുമന്‍ ഇമ്മ്യൂണോഡഫിഷ്യന്സി വൈറസി(എച്ച്ഐവി)ല്‍ നിന്നും എയ്ഡ്സ് രോഗികള്‍ക്കുള്ള പുതിയ മരുന്ന് വികസിപ്പിച്ചെടുത്ത മുംബൈയിലെ ഹോമിയോപ്പത് ഡോക്ടര്‍ ഡോ. രാജേഷ് ഷാ തന്റെ പഠനഫലം അവതരിപ്പിക്കുമെന്ന് ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി ഡോ. ശ്രീവത്സ് മേനോന് പറഞ്ഞു. ഈ മരുന്നിന്റെ പ്രവര്‍ത്തനവും സുരക്ഷിതത്വവും മനുഷ്യരില്‍ പരീക്ഷിച്ച് തെളിഞ്ഞതാണ്.
ചര്‍ച്ചയ്ക്കു വേണ്ടിയുള്ള ഡോ. ഷായുടെ ശാസ്ത്രീയ പ്രബന്ധം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി പരമ്പരാഗതമായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഡോ. ശ്രീവത്സ് മേനോന് പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി ഈ രംഗത്ത് നടന്നുവരുന്ന ഗവേഷണത്തിന്റെ ഫലങ്ങളെ കുറിച്ച് അവര്‍ക്ക് വിവരം നല്‍കുകയാണ് ലക്ഷ്യം.
ഡോ. പൗലോ ബെല്ലാവിറ്റ് (ഇറ്റലി – ഡിപ്പാര്ട്ടിമെന്റോ ഡി പതോളജിയ ഇ ഡയഗ്നോസ്റ്റിക, യുണിവേഴ്സിറ്റി ഡി വെറോണ), ഡോ. ഈശ്വര്‍ ദാസ് (ഇന്ത്യ – എക്സ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി, കൊല്‍ക്കൊത്ത), ഡോ. ലിയോണി ബൊനാമിന് (ബ്രസീല്‍), ഡോ. അലക്സാണ്ടര്‍ ടൂണിയര് (യു.കെ – ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ലണ്ടന്‍), ഡോ. കാര്‍ല ഹോളാന്ഡിനോ (ബ്രസീല്‍ – പ്രൊഫസര്‍, ഫാര്‍മസി, ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ) എന്നിവരടക്കമുള്ളവര്‍ ഉച്ചകോടിയില്‍ തങ്ങളുടെ ഗവേഷണാനുഭവങ്ങള്‍ പങ്കുവയ്ക്കും.
നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. സാബു തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.അബ്ദുറഹ്മാന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: