ഹോം » വാര്‍ത്ത » ഭാരതം » 

പ്രധാനമന്ത്രിയുടെ ശ്രമം പരാജയം മറയ്ക്കാന്‍: ബിജെപി

June 29, 2011

ന്യൂദല്‍ഹി: അഴിമതി തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും പരാജയപ്പെട്ട സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ലോക്പാല്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്ന്‌ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.
തന്റെ പരാജയങ്ങളെ പ്രതിരോധിക്കാനാണ്‌ പ്രധാനമന്ത്രിയുടെ ശ്രമം. വിലക്കയറ്റത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ആഗോള വിലവര്‍ധനയെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തി തടിതപ്പുകയാണ്‌ മന്‍മോഹന്‍സിംഗ്‌. മോശം ഭരണവും അഴിമതിയുമാണ്‌ ഇന്ത്യയിലെ വിലക്കയറ്റത്തിന്‌ കാരണമായതെന്ന്‌ ഗഡ്കരി വിശദീകരിച്ചു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ യുപിഎ പുറത്തിറക്കിയ പ്രകടനപ്പത്രികയില്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി ഇവിടെ സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം രാഷ്ട്രത്തെ വഞ്ചിച്ചു, ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത്‌ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ ഉള്ളപ്പോള്‍ 70,000 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ നശിപ്പിച്ചുകളയുന്നതിന്‌ സര്‍ക്കാരിന്‌ യാതൊരു മടിയുമില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി. ലോക്പാല്‍ നിയമനിര്‍മാണവുമായി ബിജെപി സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശത്തിന്‌ രാജ്യസഭ, ലോക്സഭ പ്രതിപക്ഷ നേതാക്കളെ ലോക്പാല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഗഡ്കരി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick