ഹോം » പൊതുവാര്‍ത്ത » 

തലസ്ഥാനത്ത്‌ തെരുവ്‌ യുദ്ധം ഒരു തുടര്‍ക്കഥ

June 29, 2011

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരത്ത്‌ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ നടത്തിയ നിയമസഭാ-സെക്രട്ടേറിയറ്റ്‌ മാര്‍ച്ചുകള്‍ അക്രമാസക്തമായി. വിദ്യാര്‍ത്ഥികളും പോലീസും മണിക്കൂറുകളോളം തലസ്ഥാന നഗരിയിലെ പ്രധാന വീഥിയില്‍ അഴിഞ്ഞാടി. പോലീസിനെ ആക്രമിക്കാന്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പോലീസ്‌ അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധം തന്നെ നടത്തി.
പോലീസ്‌ മര്‍ദ്ദനത്തില്‍ ചില വിദ്യാര്‍ഥികളുടെ തല പൊട്ടി ചോര ഒഴുകാന്‍ തുടങ്ങിയതോടെ മാര്‍ച്ച്‌ കൂടുതല്‍ അക്രമാസക്തമാകുകയായിരുന്നു. സംഭവത്തില്‍ സിപിഎം എംഎല്‍എ ആര്‍.രാജേഷിനും വിദ്യാര്‍ഥികള്‍ക്കും അടക്കം ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്ന്‌ സാരമായി പരിക്കേറ്റ ശരണ്യ എന്ന വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും പ്രകടനമായെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ത്ത്‌ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിദ്യാര്‍ഥികളുടെ ഇടയ്ക്കു നിന്നും കല്ലേറും ആരംഭിച്ചു. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശുകയായിരുന്നു. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചെങ്കിലും വിദ്യാര്‍ഥികള്‍ കൂടുതല്‍ അക്രമാസക്തരാവുകയായിരുന്നു. പോലീസാകട്ടെ കണ്ണില്‍ക്കണ്ട വിദ്യാര്‍ഥികളെ മുഴുവന്‍ തല്ലാനാരംഭിച്ചു. ഒറ്റപ്പെട്ട്‌ മര്‍ദനത്തില്‍നിന്നും രക്ഷപ്പെടാന്‍ ചില കടകളില്‍ ഓടിക്കയറിയ വിദ്യാര്‍ഥികളെ പോലീസുകാര്‍ സംഘം ചേര്‍ന്ന്‌ മര്‍ദിച്ചു. കടകളില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ഇവരെ പോലീസ്‌ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തെത്തുടര്‍ന്ന്‌ ചിതറി ഓടിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ തമ്പടിച്ച്‌ പോലീസിനു നേരെ കല്ലേറു നടത്തി. കല്ലേറ്‌ രൂക്ഷമായപ്പോള്‍ പോലീസ്‌ ക്യാമ്പസിനുള്ളില്‍ കടന്ന്‌ ലാത്തിച്ചാര്‍ജ്‌ ആരംഭിച്ചു. കൂട്ടിന്‌ ഗ്രനേഡുകളും കണ്ണീര്‍വാതകവും മാറി മാറി പ്രയോഗിച്ചു. മര്‍ദനം ആരംഭിച്ചതോടെ പോലീസ്‌ അക്ഷരാര്‍ഥത്തില്‍ യുദ്ധമുറകള്‍ തന്നെ പ്രയോഗിച്ചു.
ഇതേ സമയം നിയമസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ എഐവൈഎഫ്‌ പ്രവര്‍ത്തകരെ പോലീസ്‌ യുദ്ധസ്മാരകത്തിനു സമീപം തടഞ്ഞു. ഇവിടെയും വിദ്യാര്‍ഥികള്‍ കല്ലേറ്‌ നടത്തിയതോടെ പോലീസ്‌ ലാത്തി വീശുകയായിരുന്നു. ഇവിടെ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകരുടെ തലയ്ക്ക്‌ പരിക്കേറ്റു. പലരുടെയും തലപൊട്ടി ചോര ഒഴുകി.
വിദ്യാര്‍ഥികളെ തല്ലി എല്ലൊടിച്ച്‌ രക്തം ചിതറിച്ചാല്‍ ഭയന്നു പിന്മാറുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ലാത്തി, ഗ്രനേഡ്‌, കണ്ണീര്‍ വാതകം എന്നിവ കൊണ്ട്‌ മാനേജ്മെന്റുകള്‍ക്ക്‌ വിടുവേല ചെയ്യുകയാണ്‌ സര്‍ക്കാര്‍. അധമന്മാരായ പോലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ വിദ്യാര്‍ഥി സമരത്തെ അടിച്ചൊതുക്കാന്‍ നിയോഗിച്ചിരിക്കുന്നത്‌. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച എസ്‌എഫ്‌ഐ-എഐഎസ്‌എഫ്‌ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ ആവശ്യങ്ങളുന്നയിച്ചുള്ള വിദ്യാര്‍ഥി സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ലെന്ന്‌ യൂണിവേഴ്സിറ്റി കോളേജിലെത്തിയ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റുകള്‍ക്കു വേണ്ടി പൊതു മേഖലയെ തീറെഴുതാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related News from Archive
Editor's Pick