കൊച്ചി: വിശ്വബ്രഹ്മ വൈദീക പീഠത്തിന്റേയും വിശ്വബ്രഹ്മ പ്രാര്‍ത്ഥനാലയ പ്രാര്ത്ഥനാസമിതിയുടേയും നേതൃത്വത്തില്‍ നടത്തുന്ന വിശ്വബ്രഹ്മ വിശ്വശാന്തി മഹായാഗം ‘വിശ്വബ്രഹ്മമഹോത്സവം’ ചൊവ്വാഴ്ച ആലുവ മണപ്പുറത്ത് ആരംഭിക്കും.
ലോക സമാധാനത്തിനും മാനവ ഐക്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയാണ് വിശ്വബ്രഹ്മ വിശ്വശാന്തി മഹായാഗം നടത്തുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ അഖണ്ഡനാമജപയജ്ഞം നടക്കും. ബുധനാഴ്ച രാവിലെ 5ന് പഞ്ചകലശ വിശ്വബ്രഹ്മപൂജ ഉണ്ടായിരിക്കും. 6ന് യാഗാഗ്നി ജ്വലനം, യജ്ഞാചാര്യന്റെ നേതൃത്വത്തില്‍ അഗ്ന്യാധാനം, ആദ്യസമിത് അര്‍പ്പണം, അഗ്നി പ്രജ്വാലനം എന്നിവ നടക്കും.
തുടര്‍ന്ന് വിശ്വബ്രഹ്മമഹായാഗം ആരംഭിക്കും. വ്യാഴാഴ്ച യജ്ഞനം, അന്നപ്രാശനം, വിദ്യാരംഭം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം നടക്കും. വിവിധ വിശ്വകര്‍മ്മ സംഘടനകളുടെ കേന്ദ്ര സംസ്ഥാന നേതാക്കളും ഉഡുപ്പി, ആന്ധ്ര എന്നീ വിശ്വകര്‍മ്മ മഠാധിപതികളും പങ്കെടുക്കും.
ഉത്സവാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആചാര്യ രാജു കോയിക്കര, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. സുരേഷ് ബാബു, പ്രസിഡന്റ് ആചാര്യ ശശീന്ദ്രന് വാദ്ധ്യാര് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: