ബെംഗളൂരു: ഐപിഎല്‍ മത്സരത്തിനിടെ വായില്‍ ടേപ്പ് ഒട്ടിച്ച് പ്രതിഷേധം. അമ്പയറുടെ താക്കീല് പ്രതിഷേധിച്ച് മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റിന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡാണ് വിചിത്രമായ പ്രതിഷേധം നടത്തിയത്.
ഞായറാഴ്ച രാത്രി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു പൊള്ളാര്‍ഡ് വായില്‍ ടേപ്പൊട്ടിച്ച് ഫീല്‍ഡ് ചെയ്തത്. മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗലൂരു ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ക്രീസിലുണ്ടായിരുന്ന വെടിക്കെട്ട് ബാറ്റ്സ്മാനും വെസ്റ്റ് ഇന്‍ഡീസ് താരവുമായ ക്രിസ് ഗെയിലിനെ പൊള്ളാര്‍ഡ് വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചു.
ഇരുവരും തമ്മില്‍ നേരിയ വാഗ്വാദമുണ്ടാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് പൊള്ളാര്‍ഡിനെ താക്കീത് ചെയ്തത്. അമ്പയറുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് പൊള്ളാര്‍ഡ് എത്തിയത്.
വായില്‍ ടേപ്പൊട്ടിച്ച് ഫീല്‍ഡ് ചെയ്യുന്ന പൊള്ളാര്‍ഡിനെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചപ്പോള്‍ റിക്കി പോണ്ടിംഗും റോബിന് സിംഗുമടക്കമുള്ള മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാഫുകള്‍ ചിരിച്ചുമറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: