ഹോം » വാര്‍ത്ത » കേരളം » 

നിയമസഭയില്‍ കയ്യാങ്കളി; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

June 30, 2011

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സമരം ചെയ്‌ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സഭ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ച ശേഷം വീണ്ടും തുടങ്ങിയപ്പോഴും ബഹളം ഉണ്ടായി. തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

സമീപകാല ചരിത്രത്തിലൊന്നും ഉണ്ടാകാത്ത സംഭവങ്ങളാണ് ഇന്ന് കേരള നിയമസഭയിലുണ്ടായത്. പ്രതിപക്ഷ ബഹളം നടുത്തളവും കടന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍ വരെയെത്തി. തുടര്‍ന്ന് എകദേശം രണ്ട് മണിക്കൂര്‍ നേരം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഇതിനിടെ ബാബു എം. പാലിശേരിയെ ശക്തമായി തക്കീത് ചെയ്യുന്നതായി  സ്പീക്കര്‍ അറിയിച്ചു. ഇനിയും തെറ്റ് ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സ്പീക്കര്‍ നല്‍കി.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി, യുവജന മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും ഉപ ചോദ്യങ്ങളും പോലീസ് അതിക്രമത്തെക്കുറിച്ചായിരുന്നു. സ്പീക്കര്‍ പലതവണ ഇക്കാര്യത്തില്‍ ഇടപെട്ട് നിയന്ത്രിക്കുകയും ചെയ്തിരുന്നു.

എം.എല്‍.എ മാര്‍ക്കുപോലും പോലീസില്‍നിന്ന് രക്ഷയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സമരത്തിനിടെ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്‌ത്രങ്ങളുമായാണ്‌ പ്രതിപക്ഷമെത്തിയത്‌. പോലീസ് കോളേജുകളില്‍ കടന്നുകയറി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തുകയാണെന്ന് എം.എല്‍.എമാര്‍ പറഞ്ഞു.

ചോദ്യോത്തര വേളയ്ക്ക് ശേഷം പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി. ഇത് ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു. മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷിനെ പോലീസ്‌ മര്‍ദ്ദിച്ചുവെന്ന കോടിയേരിയുടെ ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡി.സി.പിയുടെ നേതൃത്വത്തില്‍ എം.എല്‍.എയ്ക്ക്‌ സംരക്ഷണവലയമാണ്‌ തീര്‍ത്തതെന്ന്‌ പറഞ്ഞു. ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.

രാജേഷിന്‌ മര്‍ദ്ദനമേറ്റിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ബാബു എം പാലിശേരിയുടെ നേതൃത്വത്തില്‍ രാജേഷിന്റെ കീറിപ്പറിഞ്ഞ വസ്‌ത്രങ്ങള്‍ വീശി പ്രതിപക്ഷം നടുത്തളത്തിലേക്ക്‌ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
രണ്ട് മണിക്കൂറിന് ശേഷം വീണ്ടും സഭ തുടങ്ങിയപ്പോഴും പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ ബഹളത്തിനിടെ സഭാ നടപടികള്‍ വെട്ടിച്ചുരുക്കി സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick