ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെയും ഗുരുധര്‍മ്മ പ്രചാരണസഭയുടെയും സംയുക്താഭിമുഖ്യത്തല്‍ ശിവഗിരിമഠത്തില്‍ നടക്കുന്ന ശ്രീനാരായണധര്‍മ്മ മീമാംസപരിഷത്ത് ഇന്നാരംഭിക്കും. രാവിലെ 7.30ന് ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തും. 9ന് ട്രസ്റ്റ് ട്രഷറര്‍ സ്വാമി അമൃതാനന്ദ വേദിയില്‍ ഭദ്രദീപം തെളിക്കും.
9.30ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയില്‍ പ്രകാശാനന്ദസ്വാമി പരിഷത്ത് ഉദ്ഘാടനം ചെയ്യും. മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ടി.കെ. രവീന്ദ്രനെ ആദരിക്കും.
സ്വാമി പരാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സംസാരിക്കും. മുടീത്ര ഭാസ്കരപ്പണിക്കര്, വി.ടി. ശശീന്ദ്രന്, കെ.കെ. കൃഷ്ണാനന്ദബാബു, അമയന്നൂര്‍ ഗോപി, ഇ.എം. സോമനാഥന്, ലൈലാപുരുഷോത്തമന് എന്നിവര്‍ പ്രസംഗിക്കും.
സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാഗതം പറയും. 11.30ന് ബ്രഹ്മവിദ്യാ പഞ്ചകത്തില്‍ സ്വാമി ശാരദാനന്ദയും 2ന് ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന വിഷയത്തില്‍ ഋതംഭരാനന്ദ സ്വാമിയും പഠനക്ലാസ് നയിക്കും. 3.30ന് ബ്രഹ്മ വിദ്യാര്ത്ഥിസമ്മേളനം സ്വാമി പരാനന്ദ ഉദ്ഘാടനം ചെയ്യും. ബോധിതീര്‍ത്ഥ സ്വാമി അദ്ധ്യക്ഷത വഹിക്കും.
ബ്രഹ്മചാരി അസംഗ ചൈതന്യ, ബ്രഹ്മചാരി സൗമേശ്വര ചൈതന്യ എന്നിവര്‍ സംസാരിക്കും. തിങ്കളാഴ്ച 9.30ന് ബാല വിജ്ഞാപനത്തില്‍ സച്ചിദാനന്ദ സ്വാമിയും 2ന് ഭഗവദ്ഗീതയും ആത്മോപദേശശതകവും ഒരു താരതമ്യ പഠനത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനും 4ന് ജീവിതശൈലി രോഗങ്ങളും പ്രകൃതി ജീവനവും വിഷയത്തില്‍ ഡോ കെ. ജയകുമാറും ക്ലാസുകള്‍ നയിക്കും. രാത്രി 8ന് ഗുരുധര്മ്മപ്രചാരണസഭാ വാര്‍ഷിക സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും.
സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് റിപ്പോര്‍ട്ടും രജിസ്ട്രാര്‍ സംഘടനാ വിശദീകരണവും പിആര്‍ഒ ഇ.എം. സോമനാഥന് പ്രമേയം അവതരിപ്പിക്കും. ചൊവ്വാഴ്ച 7ന് സ്വാമി സാന്ദ്രാനന്ദ ധ്യാനപരിശീലനം നടത്തും. 9ന് ജനനീ നവരത്ന മഞ്ജരിയില്‍ ബ്രഹ്മചാരിണി നിത്യചേതനയും 11ന് അനുകമ്പാദശകത്തില്‍ പ്രൊഫ അംബികാ ദേവിയും പഠനക്ലാസുകള്‍ നയിക്കും. പരിഷത്തിന്റെ മുന്നോടിയായി 2ന് നാലിന് കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തില്‍ നിന്നും ധര്‍മ്മപതാക വാഹനഘോഷയാത്രയായി ശിവഗിരിയില്‍ എത്തും. പതാക ഘോഷയാത്രാ സമ്മേളനവും ക്ഷേത്രത്തില്‍ ഉണ്ടാകും. ഗുരുപൂജാ ഉത്പന്ന സമര്‍പ്പണം ഗുരുധര്മ്മപ്രചാരണസഭാ കൊല്ലം ജില്ലാ കമ്മറ്റി നിര്‍വ്വഹിക്കും.
പരിഷത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികള്‍ ആശ്രമോചിതമായ അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ താമസിച്ച് പരിഷത്തില്‍ നിന്നും ലഭ്യമാകുന്ന വിജ്ഞാനം തുടര്‍ന്ന് നാടാകെ നടത്തുന്ന പരിഷത്തുകളിലേക്ക് ദാനം ചെയ്യുമെന്നും ഗുരുധര്മ്മപ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, രജിസ്ട്രാര്‍ വി.ടി.ശശീന്ദ്രന്, പി.ആര്.ഒ ഇ.എം. സോമനാഥന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: