വയനാട്ടില്‍ കോളറ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Thursday 30 June 2011 11:16 am IST

കല്‍പ്പറ്റ‌: വയനാട്ടില്‍ കോളറ ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്‍പ്പള്ളി കരിമം കോളനിയിലെ വെള്ളന്‍ (65) ആണ്‌ മരിച്ചത്‌. ഇതോടെ കോളറ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി. വയനാട്ടിലെ പുല്‍പ്പള്ളി, വെള്ളമുണ്ട, ബത്തേരി കോളനികളിലാണു കോളറ പടര്‍ന്നത്‌. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ്‌ തുറന്നിട്ടുണ്ട്‌. 56 പേര്‍ രോഗലക്ഷണങ്ങളുമായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ വിദഗ്ദ്ധര്‍ ജില്ലയിലെ പല പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ തോമസ് മാത്യു ഇന്ന് ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കുടക് പോലുള്ള പ്രദേശങ്ങളില്‍ ഇഞ്ചികൃഷിക്കായി പോകുന്ന തൊഴിലാളികള്‍ വഴിയാണ് കോളറ വയനാട്ടില്‍ എത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.