ഹോം » ലോകം » 

യെമനില്‍ ഏറ്റുമുട്ടല്‍ : 48 പേര്‍ കൊല്ലപ്പെട്ടു

June 30, 2011

അബിയാന്‍: വടക്കന്‍ യെമനില്‍ പൊലീസും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 48 പേര്‍ മരിച്ചു. 30 സൈനികരും 14 വിമതരുമാണു കൊല്ലപ്പെട്ടത്. അബിയാന്‍ പ്രവിശ്യയിലെ സിനിവാര്‍ നഗരത്തിലായിരുന്നു ഏറ്റുമുട്ടല്‍.

പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്ന നഗരം കീഴടക്കാന്‍ സേന ശ്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ വെടിവയ്പ്പിനെതിരേ ചെറുത്തു നില്‍ക്കുകയായിരുന്നെന്നു പ്രക്ഷോഭകര്‍ പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലാണ് സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ നടത്തിയത്.

അബിയാന്‍ പ്രവിശ്യയില്‍ സൈന്യം കടന്നുകയറി വെടി ഉതിര്‍ത്തപ്പോള്‍ അതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു.  കഴിഞ്ഞ ബുധനാഴ്ച സിനിബാറില്‍ ഒരു യാത്രാബസിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നഗരമധ്യത്തിലെ സ്റ്റേഡിയത്തില്‍ അഞ്ഞൂറോളം വിമതര്‍ തമ്പടിച്ചിരിക്കുകയാണ്. ഇവരെ പുറത്താക്കി തന്ത്ര പ്രധാനമായ പ്രദേശത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണു സേനയുടെ ശ്രമം. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick