സഭയിലെ ഇന്നത്തെ സംഭവങ്ങള്‍ ഖേദകരം - സ്പീക്കര്‍

Thursday 30 June 2011 3:09 pm IST

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഏറെ ഖേദകരമെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ നടന്ന പ്രക്ഷുബ്ധ രംഗങ്ങളെത്തുടര്‍ന്നു നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴാണു സ്പീക്കര്‍ ഇങ്ങനെ പ്രതികരിച്ചത്. ഇന്നുണ്ടായത് അസാധരണ സംഭവങ്ങളാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷാംഗങ്ങള്‍ ആക്രോശിച്ചടിച്ചതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനു നേതൃത്വം നല്‍കിയ ബാബു എം പാലിശേരിക്കെതിരേ കര്‍ശന താക്കീത് സ്പീക്കര്‍ നല്‍കി. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണു നടന്നത്. എം.എല്‍.എ ആയാല്‍ എന്തും ചെയ്യാമെന്നു കരുതരുതെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി. പ്രതിപക്ഷ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു സ്പീക്കര്‍ വീണ്ടും സഭയിലെത്തിയത്.