ഹോം » സംസ്കൃതി » 

ഗീതാസന്ദേശങ്ങളിലൂടെ..

June 30, 2011

നിരന്തരം ചെയ്യേണ്ടുന്ന കര്‍മത്തിലൂടെയല്ലാതെ, അഥവാ കര്‍മയോഗത്തിലൂടെയല്ലാതെ ജ്ഞാനയോഗിയാകാന്‍ സാധ്യമല്ല.ദൃഢചിത്തനായ കര്‍മയോഗിക്ക്‌ ബ്രഹ്മസാക്ഷാത്കാരവും എളുപ്പമാണ്‌. മനസ്സ്‌,ഇന്ദ്രിയം എന്നിവയെ നിയന്ത്രിച്ച്‌ നിര്‍മലഹൃദയത്തോടെ കര്‍മം ചെയ്യുന്ന കര്‍മയോഗിയും ജ്ഞാനയോഗിക്കുതുല്യനാണ്‌. ശരീരത്തിലെ ഓരോ കോശവും കര്‍മനിരതമാകുമ്പോള്‍ ജ്ഞാനയോഗിയറിയുന്നു ഞാനല്ല ഈ കര്‍മം ചെയ്യിക്കുന്നതെന്ന്‌.താമരയില എപ്രകാരമാണോ ജലത്തില്‍ നനയാതെ നിലനില്‍ക്കുന്നത്‌, അപ്രകാരം കര്‍മത്തിലൂടെ ചരിക്കുമ്പോഴും കര്‍മയോഗിക്ക്‌ കര്‍മബന്ധനമുണ്ടാകുന്നില്ല.ശ്രേഷ്ഠന്മാരായ കര്‍മയോഗികള്‍ കര്‍മഫലവും പ്രതിഫലവും വകവെയ്ക്കാതെ ശാന്തിയനുഭവിക്കുന്നു.കര്‍മം ചെയ്യുന്ന സാധാരണക്കാര്‍ കര്‍മഫലത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നു.
ഈശ്വരന്‍ പാപത്തെയോ പുണ്യത്തെയോ തരുന്നില്ല. തെറ്റിദ്ധാരണയും അജ്ഞതയുംകൊണ്ട്‌ ചിലര്‍ക്ക്‌ ഇങ്ങനെ തോന്നുന്നു. അജ്ഞതയകറ്റിയവനും അന്ധവിശ്വാസമകറ്റിയവനും മറ നീക്കിയ ജ്ഞാനത്തിന്റെ സൂര്യതേജസ്സ്‌ അനുഭവപ്പെടുന്നു.ഗഹനമായ ജ്ഞാനം എല്ലാ പാപത്തെയും കഴുകികളയുന്നു. വിനയാന്വിതനായ ജ്ഞാനിക്ക്‌ എല്ലാവരോടും എല്ലാത്തിനോടുമുള്ള വീക്ഷണവും ഒരേ പോലെയാണ്‌. പരമമായ സത്യത്തെ തിരിച്ചറിഞ്ഞവന്‌ ഒന്നിലും വേര്‍തിരിവ്‌ കാണാന്‍ സാധ്യമല്ല.
താല്‍ക്കാലികമായ ഇന്ദ്രിയ സുഖത്തേക്കാള്‍ മഹത്താണ്‌ കാമത്തില്‍ നിന്നും ക്രോധത്തില്‍ നിന്നും മോചിതമായ ജ്ഞാനസുഖം. ആത്മസാക്ഷാത്ക്കാരം ലഭിച്ചവന്‌ യോഗാവസ്ഥയിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതില്ല.

Related News from Archive
Editor's Pick