ന്യൂദല്‍ഹി: സ്മാര്‍ട്ട് നഗരങ്ങള്‍, അമൃത് നഗരങ്ങള്‍ എന്നീ പദ്ധതികളില്‍ കേരളത്തിലെ 19 നഗരങ്ങളെ ഉള്‍പ്പെടുത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചിയേയും അമൃത് പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ 18 പ്രധാന നഗരങ്ങളെയുമാണ് ഉള്‍പ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെട്ട നഗരങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പ്രധാനമന്ത്രി ആവാസ് യോജന സംബന്ധിച്ച വിവരങ്ങളും നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും. 100 സ്മാര്‍ട്ട് നഗരങ്ങളും, 500 അമൃത് നഗരങ്ങളുമാണ് 2022ന് മുമ്പായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്.
സ്മാര്‍ട്ട് സിറ്റികളില്‍ ഉള്‍പ്പെട്ടിരിക്കുന്ന നഗരത്തിന് വര്‍ഷംതോറും 100 കോടി രൂപ വീതം അഞ്ചുവര്‍ഷത്തേക്ക് 500 കോടി രൂപ ലഭിക്കും. അമൃത് പദ്ധതിയിലുള്ള 18 നഗരങ്ങള്‍ക്കും ശരാശരി നൂറുകോടി രൂപവീതവും ലഭിക്കും. രാജ്യത്താകമാനം നൂറ് സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുന്നതിനായി 48,000 കോടിരൂപയും അമൃത് നഗരം പദ്ധതി (അടല്‍ മിഷന് ഫോര്‍ റിജുവേഷന് ആന്റ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന്) നടപ്പാക്കുന്നതിന് 50,000 കോടി രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനാണ് ഏറ്റവും നേട്ടം. 13 നഗരങ്ങളെയാണ് സ്മാര്‍ട്ട്സിറ്റിയായി ഉയര്‍ത്തുക. 54 നഗരങ്ങള്‍ അമൃത് പദ്ധതിയും ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ 12 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളായും 33 നഗരങ്ങള്‍ അമൃത് പദ്ധതിയിലും ഉള്‍പ്പെട്ടു. മഹാരാഷ്ട്രയിലെ 10 നഗരങ്ങളും ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആറ് നഗരങ്ങളും സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടു. മഹാരാഷ്ട്ര (37), ഗുജറാത്ത്(31), കര്‍ണാടക (21) നഗരങ്ങള്‍ അമൃത് പദ്ധതിയിലുണ്ട്.
പശ്ചിമ ബംഗാളിലും രാജസ്ഥാനിലും നാലു സ്മാര്‍ട്ട് സിറ്റികളും ബീഹാര്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങില്‍ മൂന്ന് നഗരങ്ങളും, ഒറീസ, ഹരിയാന, തെലങ്കാന, ഛത്തീസ്ഗട്ട് എന്നിവിടങ്ങളില്‍ രണ്ടും സ്മാര്‍ട്ട്സിറ്റികള്‍ അനുവദിച്ചു. കേരളത്തിന് പുറമേ ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ആസാം, ഹിമാചല്‍ പ്രദേശ്, ഗോവ, അരുണാചല്‍ പ്രദേശ്, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഓരോ സ്മാര്‍ട്ട് സിറ്റികള്‍ ലഭിച്ചു. ദല്‍ഹി സംസ്ഥാനത്ത് ഒരു സ്മാര്‍ട്ട് സിറ്റിയും ഒരു അമൃത് നഗരവും ഉള്‍പ്പെട്ടിട്ടുണ്ട്.
ആന്ധ്രാപ്രദേശില്‍ 31, രാജസ്ഥാനില്‍ 30, പശ്ചിമബാഗാളില് 28, ബീഹാറില്‍ 27, ഒറീസയിലും ഹരിയാനയിലും 19 അമൃത് നഗരങ്ങളാണ് ഉയരുക. പഞ്ചാബില്‍ 17, തെലങ്കാനയില്‍ 15, ഛത്തീസ്ഗഡില്‍ 10 അമൃത് നഗരങ്ങളും നിര്‍മ്മിക്കും. ഉന്നത നിലവാരം, ശുചീകരണം, വരുമാനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയോടുകൂടിയ സ്മാര്‍ട്ട് നഗരങ്ങളാണ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: