കൊല്ലം: ജനമൈത്രി പോലീസ് സ്റ്റേഷനായ അഞ്ചാലുംമൂട്ടില്‍ മൂന്നാംമുറ പ്രയോഗം. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരുക്കേറ്റ ആറ് യുവാക്കളെ ഗുരുതരാവസ്ഥയില്‍ മതിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരാവില്‍ പുന്നവിള ലക്ഷം വീട് കോളനിയില്‍ ശ്രീജിത്ത്(21), കോട്ടയ്ക്കകം മേടയ്ക്കല്‍ വീട്ടില്‍ രാഹുല്‍രാജ്(21), നീരാവില്‍ കാരിക്കല്‍ വീട് സനില്‍(19), നീരാവില്‍ പുന്നവിള ലക്ഷം വീട് കോളനിയില്‍ വിഷ്ണു(21), നീരാവില്‍ പുത്തന്‍വിള കിഴക്കതില്‍ സുധീഷ്(21), കല്ലുവിള വീട്ടില്‍ വിശാഖന്(22) എന്നിവരാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
രാഹുലിനെ പോലീസ് നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടി. തോളെല്ലിന് സാരമായ പൊട്ടലുണ്ട്. മാരകമായി മര്‍ദ്ദനമേറ്റ സനിലിന് നിവര്‍ന്നിരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. മുഴുവന്‍പേരുടെയും ദേഹത്ത് മര്‍ദ്ദനമേറ്റ് ചതഞ്ഞ പാടുകളുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച കടവൂരില്‍ സിപിഎം പഞ്ചായത്തംഗത്തിന് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അഞ്ചാലുംമൂട് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ഇവരെ ഓരോ പോലീസുകാര്‍ വീതം മാറിയും തിരിഞ്ഞും മര്‍ദ്ദിക്കുകയായിരുന്നു വെന്ന് ഇവര്‍ പറയുന്നു. സ്ഥലത്തെ പ്രമുഖ സിപിഎംനേതാക്കളുടെ നിര്‍ദ്ദേശാനുസരണം എസ്ഐ അടങ്ങുന്ന സംഘമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ ജന്മഭൂമിയോട് പറഞ്ഞു. കൈമുട്ട് കൊണ്ടും കാല്‍മുട്ട് കൊണ്ടും ഇടിക്കുകയും നിലത്തിട്ട് നടുവിന് ചവിട്ടുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട മര്‍ദ്ദനമുറയാണ് പോലീസ് ഈ ചെറുപ്പക്കാര്‍ക്ക് നേരെ പ്രയോഗിച്ചത്.
അടുത്തദിവസം പരവൂര്‍ കോടതിയില്‍ കള്ളക്കേസ് ചുമത്തി ഇവരെ ഹാജരാക്കി. പോലീസ് സ്റ്റേഷനിലേറ്റ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് യുവാക്കള്‍ കോടതിയെ ധരിപ്പിച്ചെങ്കിലും ജയിലില്‍ ചികിത്സ നല്‍കാനായി കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരെ ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന അക്രമണത്തിന്റെ ഉദാഹരണങ്ങളാണ് കടവൂരിലും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ലോക്കപ്പ് മര്‍ദ്ദനം നടത്തിയവരെ പിരിച്ചുവിട്ട് അവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്. ദിനേഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. വിനോദ്, ബിജെപി തൃക്കടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു, തൃപ്പനയം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സജിത്ത് എസ്.ആര്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ.സി.കെ. മിത്രന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: