ഹോം » ഭാരതം » 

ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ നിയമം വരുന്നു

June 30, 2011

ന്യൂദല്‍ഹി: രാജ്യത്ത്‌ ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ നിയമം വരുന്നു. ബിനാമി വസ്തുക്കള്‍ ഇതുമൂലം സര്‍ക്കാരിന്‌ കണ്ടുകെട്ടാനുള്ള അധികാരം ഉണ്ടായിരിക്കും. അഴിമതി നിര്‍മാര്‍ജ്ജനത്തില്‍ തങ്ങളും പങ്കുചേരുന്നു എന്ന സന്ദേശമാണ്‌ നിയമത്തിലൂടെ യുപിഎ സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിക്കുന്നത്‌.
വ്യാഴാഴ്ച കൂടുന്ന മന്ത്രിസഭാ യോഗത്തില്‍ 1988 ലെ നിയമത്തിനു പകരം ബിനാമി ഇടപാട്‌ (നിയന്ത്രണം)ബില്‍ 2011 കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നേക്കുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം കള്ളപ്പണം ബിനാമി പേരുകളില്‍ നിക്ഷേപിക്കാം. ഇത്‌ സ്വത്തുവഹകളുടേയും ഭൂമിയുടേയും കാര്യത്തില്‍ നടത്താന്‍ എളുപ്പവുമാണ്‌. ഇപ്പോഴത്തെ വിവാദ ആദര്‍ശ്‌ സൊസൈറ്റി ഫ്ലാറ്റുകളുടെ കേസില്‍ 35 ഫ്ലാറ്റുകള്‍ ബിനാമി പേരുകളിലാണ്‌ സ്വന്തമാക്കിയിരിക്കുന്നത്‌.
1988 ലെ നിയമത്തില്‍നിന്നും വ്യത്യസ്തമായി പുതിയ നിയമപ്രകാരം ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വസ്തുവഹകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കിയിരിക്കുന്നു. പഴയ നിയമത്തില്‍ ബിനാമി ആണ്‌ വസ്തു എന്ന്‌ തെളിയിക്കേണ്ടത്‌ സര്‍ക്കാരിന്റെ ബാധ്യതയായിരുന്നെങ്കില്‍ പുതിയ നിയമപ്രകാരം അത്‌ വസ്തു കൈവശം വെച്ചിരിക്കുന്നവരുടെ ബാധ്യതയാണ്‌.
ധനകാര്യമന്ത്രാലയം തയ്യാറാക്കിയ ബില്‍ നിയമമന്ത്രാലയത്തിലൂടെയും കടന്നുപോയിരുന്നു. ഇനിഅത്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കിയെടുക്കേണ്ടതുണ്ട്‌.
നിലവിലുള്ള ബില്ലില്‍ ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിയുമെങ്കിലും അത്‌ നടപ്പില്‍ വരുത്താനുള്ള സംവിധാനത്തിന്റെ തകരാറുകള്‍ മൂലം പ്രായോഗികമായി അത്തരം നടപടികള്‍ക്ക്‌ ഏറെ പ്രയാസമുണ്ടായിരുന്നു.
ഇപ്പോഴത്തെ നിയമത്തില്‍ ഒരു പ്രത്യേക ഇടപാട്‌ ബിനാമി ആണെന്ന്‌ സ്ഥാപിക്കേണ്ടത്‌ സര്‍ക്കാരൊ ആരോപിക്കുന്ന വ്യക്തിയോ ആണ്‌. പുതിയ നിയമപ്രകാരം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ ഉണ്ടാവും. ഇതുമൂലം നടപടികള്‍ക്ക്‌ വേഗം കൂടും, സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ അതാത്‌ സംസ്ഥാന-ഹൈക്കോടതികളിലാണ്‌ സമര്‍പ്പിക്കേണ്ടത്‌. പുതിയ ബില്ലില്‍ ബിനാമി സ്വത്തുക്കളെ സംബന്ധിച്ച്‌ ഉടമസ്ഥരോ അയാളുടെ നിയമപ്രകാരമുള്ള അവകാശികളൊ സത്യവാങ്മൂലം പോലും നല്‍കുന്നത്‌ നിഷേധിക്കാനുള്ള വകുപ്പുകളുണ്ട്‌.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick