ഹോം » വിചാരം » 

കാക്കിക്കുള്ളിലെ കുറ്റവാളികള്‍

June 30, 2011

പോലീസില്‍ ക്രിമിനലുകള്‍ പെരുകുന്നത്‌ നിയന്ത്രിക്കണമെന്ന്‌ ഹൈക്കോടതി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. പോലീസ്‌ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടതിന്റെ തെളിവുകളായിരുന്നു സമ്പത്ത്‌ കസ്റ്റഡിമരണവും പത്രപ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കുവാന്‍ ഒരു ഡിവൈഎസ്പി മാഫിയകള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയതും കൊല്ലത്ത്‌ ഗുണ്ടയുമൊത്തുള്ള മദ്യപാനത്തിനിടെ ഒരു പോലീസ്‌ ഓഫീസര്‍ വധിക്കപ്പെട്ടതും മറ്റും. ഇപ്പോള്‍ എഡിജിപി സെന്‍കുമാറും പറയുന്നത്‌ പോലീസ്‌ ‘ക്രിമിനലൈസ്ഡ്‌’ ആയി എന്നും അവരെ ക്രിമിനല്‍വല്‍ക്കരിച്ചത്‌ തലപ്പത്തുള്ളവരുടെ നട്ടെല്ലില്ലായ്മയുമാണെന്നാണ്‌. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെയും ഇപ്പോഴത്തെ ഡിജിപി ജേക്കബ്‌ പുന്നൂസിന്റെയും പ്രവര്‍ത്തനശൈലികളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ സെന്‍കുമാര്‍ പറയുന്നത്‌ ഈ പ്രവര്‍ത്തനശൈലിയാണ്‌ പോലീസ്‌ സേനയെ ക്രിമിനല്‍വല്‍ക്കരിച്ചത്‌ എന്നാണ്‌. ഇപ്പോഴത്തെ ഡിജിപി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അനുഭാവിയാണെന്നും ആ ധൈര്യത്തിലാണ്‌ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ പോലീസ്‌ മനഃപൂര്‍വം വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച്‌ സ്വാശ്രയ സമരം അക്രമാസക്തമാക്കി കേരളം പ്രക്ഷുബ്ധമാക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരുന്നുണ്ട്‌.
മണിചെയിന്‍ തട്ടിപ്പിലും ഫ്ലാറ്റ്‌ കുംഭകോണത്തിലും എല്ലാം പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പങ്കുണ്ട്‌. ആപ്പിള്‍ എ ഡേ ഫ്ലാറ്റ്‌ തട്ടിപ്പിന്‌ ഏറ്റവും പ്രോത്സാഹനം നല്‍കിയത്‌ ഒരു ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥനായിരുന്നെന്നും അയാള്‍ക്ക്‌ ഒരു വില്ല പണിതുനല്‍കിയാണ്‌ തട്ടിപ്പ്‌ പ്രസ്ഥാനം അരങ്ങേറിയതെന്നും വളരെക്കാലം മുങ്ങിനടക്കാന്‍ അവരെ സഹായിച്ചത്‌ ഈ പോലീസ്‌ ബന്ധമാണെന്നും ആരോപണമുണ്ട്‌. ക്രമസമാധാന ചുമതലയുള്ള പോലീസില്‍ 30 ശതമാനം ക്രിമിനല്‍ ബന്ധമുള്ളവര്‍ ആണ്‌ എന്ന്‌ പോലീസ്‌ പഠനം പറയുന്നു. പോലീസിനെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ സഹായിക്കുന്നത്‌ രാഷ്ട്രീയത്തിലെ ക്രിമിനലുകളാണ്‌. ഇവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും മാഫിയാ-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധങ്ങളുണ്ട്‌. അവിഹിതമായ പണസമ്പാദനത്തിന്‌ വേണ്ടിയാണ്‌ ഈ ഗുണ്ടാ-മാഫിയാ-രാഷ്ട്രീയ ബന്ധങ്ങള്‍. പോലീസിലെ ഉന്നതര്‍ പെണ്‍വാണിഭക്കേസിലും രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം പ്രതികളാണ്‌. ഇപ്പോള്‍ പറവൂര്‍ പെണ്‍വാണിഭക്കേസന്വേഷണത്തില്‍നിന്നും ഫലപ്രദമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ മാറ്റിയതും രാഷ്ട്രീയ ഉന്നതരെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉമ്മന്‍ചാണ്ടി പോലീസിനെ ശുദ്ധീകരിക്കും എന്ന്‌ പറയുമ്പോഴും അത്‌ ദിവാസ്വപ്നമല്ലേ എന്ന്‌ ജനം ചിന്തിക്കുന്നത്‌ സ്വാഭാവികം.

Related News from Archive
Editor's Pick