കോളറ: ജില്ലയില്‍ അതീവ

Thursday 30 June 2011 11:13 pm IST

ജാഗ്രതകാഞ്ഞങ്ങാട്‌: വയനാട്ടില്‍ പടര്‍ന്നു പിടിക്കുന്ന കോളറയുടെ ഉറവിടം കുടക്‌ ജില്ലയിലാണെന്ന്‌ വ്യക്തമായതോടെ കര്‍ണ്ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്ന ജില്ലയിലും അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശം നല്‍കി. കോളറ മൂലം വയനാട്‌ പുല്‍പ്പള്ളി മേഖലയില്‍ നാലു പേര്‍ മരിക്കുകയും വിവിധ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട്‌ മെഡിക്കല്‍ കോളജിലുമായി അറുപതോളം പേര്‍ ചികിത്സ തേടി എത്തുകയും ചെയ്ത സാഹചര്യത്തിലാണ്‌ കേരള-കര്‍ണ്ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്ന കാസര്‍കോട്‌ ജില്ലയിലും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്‌. വയനാട്ടില്‍ കോളറ മൂലം മരണപ്പെട്ട പലരും കുടകില്‍ വിവിധ തോട്ടങ്ങളില്‍ തൊഴിലാളികളായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കുടക്‌, പുത്തൂറ്‍, സുള്ള്യ എന്നിവിടങ്ങളിലെ തോട്ടങ്ങളിലും മറ്റും ജോലി ചെയ്യുന്നുണ്ട്‌. ഇവിടെ കോളറ, മലമ്പനി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പലരും നാട്ടിലേക്ക്‌ മടങ്ങിയിട്ടുണ്ട്‌. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലയിലും കോളറ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ വിലയിരുത്തല്‍. ഇവരെ കണ്ടെത്തി പരിശോധന നടത്തുന്നതിനും ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ്‌ പ്രവര്‍ത്തകര്‍ക്ക്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഛര്‍ദ്ദിയും, വയറിളക്കവും, പനിയും ബാധിച്ച്‌ എത്തുന്നവര്‍ക്ക്‌ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ട്‌. റെയില്‍വെ സ്റ്റേഷന്‍ ബസ്സ്റ്റാണ്റ്റ്‌ എന്നിവ കേന്ദ്രീകരിച്ച്‌ അന്യ സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധന നടത്താനും ആരോഗ്യ വകുപ്പ്‌ നടപടി തുടങ്ങിയിട്ടുണ്ട്‌.