ഹോം » പ്രാദേശികം » എറണാകുളം » 

കാന നിര്‍മാണത്തിന്റെ പേരില്‍ ഡിഫി നേതാവ്‌ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി

June 30, 2011

പനങ്ങാട്‌: വെള്ളക്കെട്ട്‌ പരിഹരിക്കാന്‍ കാനനിര്‍മിക്കാനെന്ന പേരില്‍ വാങ്ങിയ ലക്ഷങ്ങള്‍ ഡിവൈഎഫ്‌ഐ നേതാവ്‌ സ്വന്തം പോക്കറ്റിലാക്കിയതായി ആക്ഷേപം. കുമ്പളം പഞ്ചായത്തിലെ പനങ്ങാട്‌ മുണ്ടേം പള്ളിയിലെ വീടുകളില്‍ വെള്ളം കയറിയതോടെയാണ്‌ വിവാദങ്ങള്‍ക്ക്‌ തുടക്കം. കണ്ടെയ്നര്‍ ലോറി ഉടമ പ്രദേശത്തെ പൊതുതോട്‌ കയ്യേറി മണ്ണിട്ട്‌ നികത്തിയതാണ്‌ രൂക്ഷമായ വെള്ളക്കെട്ടിന്‌ കാരണമായത്‌.
വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനായി വീടുകള്‍ക്ക്‌ സമീപത്തുകൂടി വെള്ളം വാര്‍ന്നുപോകാന്‍ കാന നിര്‍മിച്ച്‌ നല്‍കാമെന്ന്‌ വാഗ്ദാനം നല്‍കിയാണ്‌ പ്രദേശത്തെ ഡിഫി നേതാവ്‌ രംഗത്ത്‌ വന്നത്‌. ഈ ആവശ്യത്തിനായി ഭൂമി കയ്യേറിയ ജോസ്കോ സ്ഥാപന ഉടമ ജോസില്‍നിന്നും ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നാണ്‌ ആരോപണം. പഞ്ചായത്തിനെയോ വില്ലേജ്‌ അധികൃതരെയോ ജനപ്രതിനിധിയെയോ അറിയിക്കാതെയാണ്‌ ഇതെന്നും പറയപ്പെടുന്നു.
പ്രദേശത്തെ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ അധ്യാപകന്റെ വീട്ടില്‍ യോഗം വിളിച്ച്‌, വെള്ളക്കെട്ട്‌ പരിഹരിക്കാന്‍ താന്‍ കാനനിര്‍മാണത്തിന്‌ നേതൃത്വം നല്‍കാമെന്ന്‌ ഇയാള്‍ അറിയിച്ചിരുന്നതായി വാര്‍ഡ്‌ മെമ്പര്‍ അഡ്വ. മുഹമ്മദ്‌ ഹസന്‍ പറഞ്ഞു. എന്നാല്‍ ഡിഫി നേതാവിന്റെ നടപടിയില്‍ അഴിമതിയുണ്ടെന്ന്‌ സിപിഐ പ്രാദേശിക ഘടകം ആരോപിക്കുന്നു. വിഷയത്തില്‍ വേണ്ടിവന്നാല്‍ പാര്‍ട്ടി പരസ്യമായി രംഗത്തിറങ്ങുമെന്നും സിപിഐ നേതാക്കള്‍ അറിയിച്ചു.

പൊതുതോട്‌ കയ്യേറിയ ‘ജോസ്കോ’ ജോസ്‌ പഞ്ചായത്തില്‍ സിപിഎം ഭരണം നടത്തുമ്പോഴാണ്‌ നിയമവിരുദ്ധമായി പത്തടി ഉയരത്തില്‍ മതില്‍ നിര്‍മാണം നടത്തി, നിയമം ലംഘിച്ച്‌ വയല്‍ മണ്ണിട്ട്‌ നികത്തിയത്‌. വിഷയത്തില്‍ നടപടിയെടുക്കാത്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജെ.ജോസഫും അഴിമതിക്ക്‌ കൂട്ടുനില്‍ക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

Related News from Archive

Editor's Pick