ഹോം » പ്രാദേശികം » എറണാകുളം » 

കൊച്ചിയില്‍ ജലഗതാഗത പദ്ധതിക്ക്‌ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും

June 30, 2011

കൊച്ചി: കൊച്ചി നഗരത്തിലെ ജലഗതാഗതം സംബന്ധിച്ച്‌ സൈറ്റെസ്‌ ഡവലപ്പ്മെന്റ്‌ ഇനിഷ്യേറ്റീവ്‌ ഫോര്‍ ഏഷ്യ (സിഡിഐഎ) തയ്യാറാക്കിയ പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ട്‌ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന്‌ കിറ്റ്കോയെ ചുമതലപ്പെടുത്തി. ജനോറം പദ്ധതിയുടെ ഭാഗമായി ട്രാഫിക്‌ ആന്റ്‌ ട്രാന്‍സ്പോര്‍ട്ടേഷന്‍ (യുആര്‍ടി) പദ്ധതിയുടെ ആദ്യപടിയായിട്ടാണ്‌ ജലഗതാഗതപദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതിക്കായി കൊച്ചി വിമാനത്താവളം കമ്പനി (സിയാല്‍)യുടെ മാതൃകയില്‍ കമ്പനി രൂപവല്‍ക്കരിക്കും.
നഗരഗതാഗതത്തിനും ജലഗതാഗതത്തിനുമായി നാല്‌ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി 644 കോടി രൂപ ചെലവഴിക്കും. ഇതിന്റെ ആദ്യഘട്ടമാണ്‌ ജലഗതാഗതപദ്ധതി. ഇതുപ്രകാരം അഞ്ച്‌ ഫെറി സര്‍വീസുകള്‍ ആരംഭിക്കും. വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം ഹൈക്കോര്‍ട്ട്‌, ഇടക്കൊച്ചി-തേവര പഞ്ചായത്ത്‌ ടെര്‍മിനല്‍ (കുമ്പളം-ചിറ്റൂര്‍) എന്നീ റൂട്ടുകളിലാണ്‌ ജലഗതാഗത സര്‍വീസുകള്‍ ആരംഭിക്കുന്നത്‌. ജനോറം പദ്ധതിപ്രകാരം 35 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ ബസ്ലൈന്‍, കാല്‍ നടക്കാര്‍ക്കായി സംവിധാനം, റെയില്‍ റോഡ്‌, ഓവര്‍ബ്രിഡ്ജുകളാണ്‌ മറ്റ്‌ പദ്ധതികള്‍.
അതേസമയം കൗണ്‍സിലില്‍ സിഡിഐഎ ഏജന്‍സി പദ്ധതി പ്രഖ്യാപിച്ചതല്ലാതെ വിശദമായ രേഖ ലഭിക്കാത്തതിനെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍ എന്‍.വേണുഗോപാലാണ്‌ ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. പദ്ധതിയുടെ മുഴുവന്‍ വിശദാംശങ്ങളും അംഗങ്ങള്‍ക്ക്‌ നല്‍കിയശേഷം മതി ചര്‍ച്ചകളെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളും ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിനിടയില്‍ സിഡിഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കുവാന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തിയതായും ഇതിനായി കമ്പനി രൂപീകരിക്കണമെന്ന മേയറുടെ പ്രഖ്യാപനം ബഹളത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന്‌ കമ്പനി സംബന്ധിച്ച ചര്‍ച്ച പിന്നീട്‌ നടത്തുവാന്‍ തീരുമാനിച്ചു.

Related News from Archive
Editor's Pick