പോര്‍ട്ട് ഓഫ് സ്പെയിന്: ഐപിഎല്ലില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു തവണ കിരീടം ചൂടിയിട്ടുണ്ട്. ഇപ്പോഴിതാ കരീബിയന്‍ മണ്ണിലും കിങ് ഖാന് വിജയക്കൊടി നാട്ടിയിരിക്കുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20യുടെ മൂന്നാം പതിപ്പില്‍ ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ റെഡ് സ്റ്റീല്‍ ജേതാക്കളായി. ഫൈനലില്‍ പോയ തവണത്തെ ചാമ്പ്യന്മാരായ ബാര്‍ബഡോസ് ട്രിഡെന്റ്സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി റെഡ് സ്റ്റീലിന്റെ കിരീടം നേട്ടം.
ആദ്യം ബാറ്റ് ചെയ്ത റെഡ് സ്റ്റീല്‍ കമ്രാന്‍ അക്മല്‍ (46 പന്തില്‍ 60, 5 ഫോര്‍, രണ്ട് സിക്സ്), കാമറോണ്‍ ഡെല്‍പോര്‍ട്ട് (38 പന്തില്‍ 50, ആറ് ഫോര്‍, രണ്ട് സിക്സ്), ക്യാപ്ടന് ഡ്വെയ്ന്‍ ബ്രാവോ (15 പന്തില്‍ 29, നാല് ഫോര്‍, ഒരു സിക്സ്) എന്നിവരുടെ മികവില്‍ 5ന് 178 എന്ന സ്കോറിലെത്തി. ട്രിഡെന്റ്സിനുവേണ്ടി നായകന് കെയ്റോണ്‍ പൊള്ളാര്‍ഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ചേസ് ചെയ്ത ബാര്‍ബഡോസ് പടയെ റെഡ് സ്റ്റീല്‍ 4ന് 158ല്‍ തളച്ചു. 30 പന്തില്‍ 49 റണ്‍സ് വാരിയ ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് നല്കിയ മികച്ച തുടക്കം ട്രിഡെന്റ്സിന് മുതലെടുക്കാന്‍ കഴിഞ്ഞില്ല. സ്മിത്ത് വീണതോടെ അവരുടെ റണ്‍റേറ്റ് താണു. വമ്പനടിക്കാരന്‍ പൊള്ളാര്‍ഡും (20), ജാസന്‍ ഹോള്‍ഡറും (20) ക്രീസില്‍ നിന്നെങ്കിലും ഫലമുണ്ടായില്ല. സുലൈമാന്‍ ബെന്‍ രണ്ടുപേരെ പുറത്താക്കി. അക്മല്‍ മാന്‍ ഓഫ് ദ മാച്ച്. 28 വിക്കറ്റുകള്‍ പിഴുത ഡ്വെയ്ന്‍ ബ്രാവോ ടൂര്‍ണമെന്റിന്റെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: