688. ദേവജീവസ്വരൂപാ – ദേവന്മാരുടെ ജീവന് സ്വരൂപമായവള്‍. എല്ലാ ദേവന്മാരുടെയും ചൈതന്യമായവള്‍. പ്രകൃതിശക്തികളെ നിയന്ത്രിക്കാനായി ദേവി ദേവന്മാരുടെ രൂപം സ്വീകരിച്ചതു മുമ്പു പറഞ്ഞു. കാറ്റിന്റെയും തീയുടെയും വെളിച്ചത്തിന്റെയും മറ്റും അധിഷ്ഠാനശക്തികളായ ദേവന്മാരുടെയും ജീവചൈതന്യം ദേവിയാണെന്നും ദേവിയില്‍നിന്നു വേറായി ഒന്നുമില്ലെന്നും ഈ നാമം വ്യക്തമാക്കുന്നു.
689. ദാഹികാ – ദഹിപ്പിക്കുന്നവള്‍. ചൂടായും ചൂടിന്റെ പ്രഭവമായ അഗ്നിയായും സൂര്യനായും രൂപം സ്വീകരിക്കുന്ന സ്വാഹാദേവി പ്രകൃതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ദാഹകശക്തിയായും വര്‍ത്തിക്കുന്നു. വനങ്ങളെ ദഹിപ്പിച്ചു കൃഷിഭൂമിയാക്കാനും മാലിന്യങ്ങളെ ദഹിപ്പിച്ചു മണ്ണിനെ വളമുള്ളതാക്കാനും ജീവികളുടെ ശരീരത്തിനുള്ളില്‍ ആഹാരത്തെ ദഹിപ്പിച്ച് ശരീരത്തെ പോഷിപ്പിക്കാനും മൃതശരീരങ്ങളെ ദഹിപ്പിച്ച് പഞ്ചഭൂതങ്ങളില്‍ ലയിപ്പിക്കാനും കര്‍മ്മഫലമായി ഉണ്ടാകുന്ന പാപങ്ങളെ ദഹിപ്പിച്ച് മനുഷ്യനു മുക്തിമാര്‍ഗം തുറന്നുകൊടുക്കാനും കാരണമായ അഗ്നി ദേവിയുടെ ഒരു രൂപമാണ്.
690. ദഹനക്ഷമാ – ദഹിപ്പിക്കാന്‍ കഴിവുള്ളവള്. വ്യക്തിയെയും സമൂഹത്തെയും ദുരിതത്തിലാഴ്ത്താന്‍ കഴിവുള്ള പാപങ്ങളെ യാഗത്തിലര്പ്പിക്കുന്ന ഹവിസ്സു സ്വീകരിക്കുന്നതിലൂടെ എരിച്ചുകളയാന്‍ കഴിവുള്ളവള്. യാഗത്തില്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് ദേവന്മാര് സ്വീകരിക്കുമ്പോള്‍ യാഗം നടത്തുന്ന യജമാനന്റെയും അദ്ദേഹത്തിന്റെ സഹായികളുടെയും പാപങ്ങളെയും പാപജന്യമായ ദുരിതങ്ങളും സ്വാഹാകാന്തനായ അഗ്നി എരിച്ചുകളയുമെന്നു സങ്കല്പം.
691. ഷോഡശാഖ്യാ – പതിനാറു നാമങ്ങളുള്ളവള്. 675 മുതല്‍ 690 വരെയുള്ള പതിനാറു നാമങ്ങള്കൊണ്ടാണ് ഈ സ്തോത്രം സ്വാഹാദേവിയെ സ്തുതിച്ചത്.
692. സമാരാധ്യാ – ആരാധിക്കപ്പെടേണ്ടവള്‍.
693. സര്വഭൂതിപ്രവര്ഷിണീ – എല്ലാ ഐശ്വര്യങ്ങളും വര്‍ഷിക്കുന്നവള്‍. മേഘം മഴ പൊഴിക്കുന്നതുപോലെ സ്വാഹാദേവി മൂകാംബികാദേവിയുടെ ഭക്തര്‍ക്ക് എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. 675 മുതല്‍ 690 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ സ്വാഹാരൂപത്തില് സ്തുതിക്കുന്നു. 691, 692, 693 നാമങ്ങള്‍ പതിനാറു നാമങ്ങളില്പെടുന്നില്ല. അവയെക്കുറിച്ചു പരാമര്‍ശിക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: