ന്യൂദല്‍ഹി: ടെന്നീസ് ആരാധകരുടെ സ്വപ്ന പോരാട്ടത്തിന് ഇന്ത്യന്‍ മണ്ണ് വേദിയാകുന്നു. സമകാലീന ടെന്നീസിലെ ഇതിഹാസങ്ങള്‍ എന്ന വിശേഷണമുള്ള മുന്‍ ഒന്നാം നമ്പറുകള്‍ റോജര്‍ ഫെഡററും, റാഫേല്‍ നദാലുമാണ് ഇന്ത്യന്‍ കാണികള്‍ക്കു മുന്നില്‍ കരുത്തിന്റെ പോരാട്ടത്തിനെത്തുന്നത്. ഡിസംബര്‍ 12ന് ന്യൂദല്‍ഹിയിലാണ് മത്സരം. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ സംഘാടനത്തിലുള്ള ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന്റെ (ഐപിടിഎല്‍) ഭാഗമായാണ് ഇവരുടെ നേര്‍ക്കുനേര്‍ അങ്കത്തിന് ഇന്ത്യഅരങ്ങൊരുക്കുന്നത്.
കഴിഞ്ഞ തവണ പരുക്കു മൂലം എത്താതിരുന്ന നദാല്‍, ഇന്ത്യന്‍ ഏയ്സ് ടീമിന്റെ ഭാഗമായി പങ്കാളിയാകും. ഫെഡററാകട്ടെ ഇത്തവണ യുഎഇ റോയല്‍സില്‍. കഴിഞ്ഞ തവണ ആദ്യ ലീഗില്‍ ഇന്ത്യന്‍ എയ്സിനെ കിരീടത്തിലേക്ക് നയിച്ചത് റോജര്‍ ഫെഡറര്‍. വര്‍ഷാദ്യത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനല്‍ പോരാട്ടത്തിനു ശേഷം ആദ്യമായാണ് ഇരുതാരങ്ങളും നേര്‍ക്കുനേര്‍ എത്തുന്നത്. അന്ന് ജയം നദാലിനൊപ്പം. സമീപകാലത്ത് തിരിച്ചടികള്‍ നേരിടുന്നുവെങ്കിലും ഇരുവരുടെയും താരമൂല്യത്തിന് കുറവില്ല. ഇവരുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളാകട്ടെ ടെന്നീസിലെ ക്ലാസിക് മത്സരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ഡിംസബര്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന ലീഗില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്, വനിതകളിലെ ഒന്നാം നമ്പര്‍ സെറീന വില്യംസ്, ജോ വില്‍ഫ്രഡ് സോംഗ, മരിയ ഷറപ്പോവ തുടങ്ങിയ പ്രമുഖരും കളിക്കും. ഇന്ത്യന്‍ താരങ്ങള്‍ സാനിയ മിര്‍സയും രോഹന് ബൊപ്പണ്ണയും ഇന്ത്യന്‍ എയ്സിന്റെ ഭാഗമാകുമ്പോള്‍, ലിയാന്‍ഡര്‍ പേസ് ജപ്പാന് വാരിയേഴ്സില്‍. ഏഷ്യയിലെ അഞ്ചു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ടൂര്‍ണമെന്റ്. ഇന്ത്യന്‍ എയ്സ് (ന്യൂദല്‍ഹി), ജപ്പാന് വാരിയേഴ്സ് (ടോകിയോ), ഫിലിപ്പൈന്‍ മാവെറിക്സ് (മനില), സിംഗപ്പൂര്‍ സ്ലാമ്മേഴ്സ് (സിംഗപൂര്‍ സിറ്റി), യുഎഇ റോയല്‍സ് (അബുദാബി) എന്നിവ ടീമുകള്‍.
ഇവര്‍ പോരാളികള്‍
ഇന്ത്യന്‍ എയ്സ് – റാഫേല്‍ നദാല്‍, ഗെയ്ല് മോണ്‍ഫില്‍സ്, അഗ്നീസ്ക റഡ്വാന്‍സ്ക, ഫാബ്രൈസ് സാന്റോറോ, ഇവാന് ദോദിഗ്, സാനിയ മിര്‍സ, രോഹന് ബൊപ്പണ്ണ.
ജപ്പാന് വാരിയേഴ്സ് – കെയ് നിഷികോരി, കുറുമി നാര, വാസെക് പോസ്പിസില്‍, ലിയാന്‍ഡര്‍ പേസ്, ഡാനിയേല ഹന്റുക്കോവ, ലൂകാസ് പൗലീ, മരിയ ഷറപ്പോവ, മരാത് സാഫിന്.
ഫിലിപ്പൈന്‍ മാര്വിക്സ് – സെറീന വില്യംസ്, ജോ വില്‍ഫ്രഡ് സോംഗ, മാര്‍ക് ഫിലിപ്പോസിസ്, റിച്ചാര്‍ഡ് ഗാസ്ക്വെറ്റ്, ട്രീറ്റ് ഹ്യുയേ, ജാര്‍മില ഗാജ്ഡൊസൊവ, ബോണ കോറിക്, സബീന്‍ ലിസികി.
സിംഗപൂര്‍ സ്ലാമ്മേഴ്സ് – നൊവാക് ദ്യോകോവിച്ച്, നിക് കിര്‍ഗോയിസ്, മാഴ്സെലോ മെലോ, ബെലിന്‍ഡ ബെനിക്, കരോലിന പ്ലിസ്കോവ, കാര്‍ലോസ് മോയ.
യുഎഇ റോയല്‍സ് – റോജര്‍ ഫെഡറര്‍, ഗൊരാന്‍ ഇവാനൊസെവിച്ച്, അന ഇവാനോവിച്ച്, മരിയന്‍ സിലിക്, ഡാനിയല്‍ നെസ്റ്റര്‍, ക്രിസ്റ്റന മാല്ദെനോവിച്ച്, തോമസ് ബെര്‍ഡിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: