ന്യൂദൽഹി: കഴിഞ്ഞവർഷം ട്രെയിനുമായി ബന്ധപ്പെട്ട അപകടങ്ങളിലായി രാജ്യത്തൊട്ടാകെ മരിച്ചത് 27581 പേർ. നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കാണിത്. ട്രെയിൻ അപകടങ്ങൾ, ട്രെയിൻ തട്ടിയുള്ള മരണങ്ങൾ, ട്രെയിനിൽനിന്ന് വീണുള്ള അപകടങ്ങൾ എന്നിവയെല്ലാം ചേർത്തുള്ള കണക്കാണിത്.
ട്രെയിനിൽനിന്ന് വീണും ട്രെയിൻ തട്ടിയും കഴിഞ്ഞ വർഷം മരിച്ചത് 13542 പേരാണ്. ട്രെയിനുകൾ കൂട്ടിമുട്ടി മരിച്ചത് 99 പേർ മാത്രമാണ്. പാളംതെറ്റിയുള്ള അപകടങ്ങളിൽ മരിച്ചത് 59 പേർ. ട്രെയിനുകളിലെ സ്ഫോടനം, തീപിടിത്തം എന്നിവ മൂലം മരിച്ചത് 32 പേരും.കഴിഞ്ഞ വർഷം പരിക്കേറ്റത് 3882 പേർക്കാണ്. ട്രെയിൻ അപകടങ്ങൾ അടക്കം മൊത്തം 28,360 ഇത്തരം സംഭവങ്ങളാണ് ഉണ്ടായത്. 2013ലെ അപേക്ഷിച്ച് 2014ൽ ട്രെയിൻ അപകടങ്ങളിൽ 9.2 ശതമാനമാണ് കുറവുണ്ടായത്.
മഹാരാഷ്ട്രയിൽ 3208 പേരും ദൽഹിയിൽ 856 പേരുമാണ് മരണമടഞ്ഞത്. അപകടങ്ങൾ അടക്കം കേരളത്തിൽ 368 സംഭവങ്ങളാണ് നടന്നത്. 2014 ജൂണിലാണ് ഇത്തരം കൂടുതൽ സംഭവങ്ങളും ഉണ്ടായത്, 9.4 ശതമാനം. അപകടങ്ങളിൽ കൂടുതലും നടന്നത് രാവിലെ ആറിനും ഒൻപതിനും ഇടയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: