തിരുവനന്തപുരം: ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥയെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് സന്ദര്‍ശിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടക്കുന്ന പ്രതിവര്‍ഷ ബൈഠക്കില്‍ പങ്കെടുക്കാന്‍ പോകവെ തിരുവനന്തപുരത്തെത്തിയ മോഹന്‍ഭാഗവത് കോട്ടയ്ക്കകം സീതാരാമ വേദപഠന കേന്ദ്രത്തിലെത്തി വിശ്വേശ തീര്‍ഥയെ സന്ദര്‍ശിക്കുകയായിരുന്നു.
അഞ്ചാംതവണയും പര്യായ ചടങ്ങിലേക്ക് പ്രവേശിക്കുന്ന സ്വാമിയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനായത് മഹാഭാഗ്യമാണെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. പത്തുമിനിട്ടോളം സ്വാമിയും സര്‍സംഘചാലകുമായി സംഭാഷണം നടത്തി.
ഇന്നലെ ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സര്‍സംഘചാലക് വിഭാഗ് കാര്യാലയമായ ശക്തിനിവാസിലെത്തി പ്രവര്‍ത്തകരെ കണ്ടു. ഉച്ചയ്ക്ക് 3.15 നാണ് അദ്ദേഹം വിശ്വേശ തീര്‍ഥയെ സന്ദര്‍ശിച്ചത്. വിശ്വേശ തീര്‍ഥയുടെ സന്ദര്‍ശനം പ്രമാണിച്ച് രൂപീകരിച്ച സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് വര്‍ക്കല ജനാര്‍ദ്ദനന്‍പോറ്റി, വൈസ് ചെയര്മാന് എല്‍.ആര്. പോറ്റി, ജോയിന്റ് കണ്‍വീനര്‍മാരായ അഡ്വ പ്രദീപ്, കൃഷ്ണന്‍പോറ്റി, അനില്പോറ്റി തുടങ്ങിയവര്‍ ചേര്‍ന്ന് സര്‍സംഘചാലകിനെ സ്വീകരിച്ചു.
ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, സഹപ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സംഭാഗ് പ്രചാരക് ടി.എസ്. അജയകുമാര്‍, കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് പ്രചാരക് കിരണ്‍, മഹാനഗര്‍ കാര്യവാഹ് അഡ്വ. മനോഹരന്, സഹകാര്യവാഹ് ജയകുമാര്‍ തുടങ്ങിയവര്‍ സര്സംഘചാലകിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: