ആലപ്പുഴ: ആവേശത്തിരയിളക്കിയ പോരാട്ടത്തില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ചുണ്ടന് അറുപത്തിമൂന്നാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ ജേതാവായി. ഹീറ്റ്സ് മത്സരത്തിലും ഫൈനലിലും ഒരേപോലെ ആവേശത്തുഴയെറിഞ്ഞാണ് ജയിംകുട്ടി ജേക്കബ് ക്യാപ്റ്റനായ ജവഹര്‍ ചുണ്ടന് മിന്നുംജയം കരസ്ഥമാക്കിയത്.
4.36 സെക്കന്റ് സമയമെടുത്താണ് വള്ളം ഫിനിഷ് ചെയ്തത്. ആദ്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ബ്രിജേഷ് സുരേന്ദ്രന് ക്യാപ്റ്റനായ മഹാദേവികാട് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കതില്‍ ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജവഹര്‍ തായങ്കരി വെള്ളിക്കപ്പ് സ്വന്തമാക്കിയത്. ഈ വര്‍ഷം നീറ്റിലിറക്കിയ പുതിയ ചുണ്ടനായ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ഇത് അഭിമാന നേട്ടമായി.
ഒന്നാം ഹീറ്റ്സില്‍ മത്സരിച്ച മഹാദേവി കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും സ്റ്റാര്‍ട്ടിങില്‍ പിഴവുണ്ടെന്നു പറഞ്ഞ് രണ്ടാമതും മത്സരം നടത്തി. ഇതിലും ഒന്നാം സ്ഥാനത്തെത്തിയാണ് ഫൈനലില്‍ പ്രവേശനം ഉറപ്പിച്ചത്. ഫൈനലില്‍ പ്രവേശിച്ച മറ്റു വള്ളങ്ങള്‍ രണ്ടു തവണ മാത്രം മത്സരിച്ചപ്പോള്‍ മഹാദേവികാട് ചുണ്ടന് മൂന്നു തവണ മത്സരിക്കേണ്ടി വന്നത് ക്ഷീണമായി. കെ. അനന്തകൃഷ്ണന് ക്യാപ്റ്റനായ ആലപ്പുഴ ടൗണ്‍ ബോട്ട്ക്ലബ്ബിന്റെ ശ്രീഗണേഷ് ചുണ്ടന് മൂന്നാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് ലൂസേഴ്സ് ഫൈനലില്‍ ഒന്നാംസ്ഥാനം നേടി. 1977ലെ കന്നിപ്പോരാട്ടത്തില്‍ കിരീടം നേടിയ ജവഹര്‍ തായങ്കരി ചുണ്ടന് തൊട്ടടുത്തവര്‍ഷവും വിജയം ആവര്‍ത്തിച്ചു. 1985, 2010 വര്‍ഷങ്ങളിലും കിരീടം സ്വന്തമാക്കി.
സെക്കന്റ് ലൂസേഴ്സ് ഫൈനില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ഇല്ലിക്കളം ചുണ്ടനാണ് ജേതാവായത്. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മാമ്പുഴക്കരി കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ മൂന്നു തൈക്കന്‍ ഒന്നാംസ്ഥാനവും കെ. ജയകുമാര്‍ ക്യാപ്റ്റനായ ചതുര്‍ത്ഥ്യാകരി ഭാരത് മാതാ ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ അനുഗ്രഹ ബോട്ട് ക്ലബ്ബിന്റെ ഹനുമാന് നമ്പര്‍ ഒന്ന് ആണ് ജേതാവായത്. ചുരുളന്‍ വിഭാഗത്തില്‍ തായങ്കരി ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ കോടിമത ഒന്നാംസ്ഥാനം നേടി. വനിതകളുടെ തെക്കനോടി കെട്ടുവള്ളവിഭാഗത്തില് പുന്നമട ഫ്രണ്ട്സ് വനിതാ ബോട്ട് ക്ലബ്ബിന്റെ കമ്പനി വള്ളത്തിനാണ് ഒന്നാം സ്ഥാനം. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ ബിബിസി പുളിങ്കുന്ന് തുഴഞ്ഞ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും കോട്ടപ്പറമ്പന്‍ വള്ളം രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ മങ്കൊമ്പ് സെന്റ് ജോണ്‍സ് ബോട്ട് ക്ലബ്ബിന്റെ എബ്രഹാം മൂന്നുതൈക്കല്‍ വള്ളത്തിനാണ് ഒന്നാം സ്ഥാനം.
പതിവിനു വിപരീതമായി രാവിലെ 11നു തന്നെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിച്ചതിനാല്‍ വൈകിട്ട് അഞ്ചരയോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ജലോത്സവം ഉദ്ഘാടനം ചെയ്തു. ചൈനീസ് അംബാസഡര്‍ ലി യു ഷെങ് സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: