കൊളംബോ: നായകന് വിരാട് കോഹ്ലി അര്‍പ്പിച്ച വിശ്വാസം ചേതേശ്വര്‍ പൂജാര ഭംഗിയായി കാത്തു. ഇന്നിങ്സ് തുറക്കാനുള്ള നായകന്റെ നിര്‍ദേശം ശിരസാ വഹിച്ച് ടീം തകര്‍ന്നപ്പോള്‍ രക്ഷകന്റെ കുപ്പായം എടുത്തണിഞ്ഞു ചേതേശ്വര്‍. ധമ്മിക പ്രസാദിന്റെ പേസിനു മുന്നില്‍ (നാലു വിക്കറ്റ്) ഇന്ത്യന്‍ ബാറ്റിങ് പതറിയപ്പോള്‍ വാലറ്റക്കാരന് അമിത് മിശ്രയ്ക്കൊപ്പം ടീമിനെ കരകയറ്റി താരം. കരിയറിലെ ഏഴാം ശതകവുമായി ക്രീസിലുണ്ട് താരം. പിച്ചില്‍ ദുര്ഭൂതമൊന്നുമില്ലെന്ന് അമിത് മിശ്രയും തെളിയിച്ചു. 59 റണ്‍സെടുത്ത താരത്തിന് കരിയറിലെ മൂന്നാം അര്‍ധശതകം. എട്ടാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 104 റണ്‍സ് കൂട്ടുകെട്ട് നിലയില്ലാക്കയത്തില്‍നിന്ന് ഇന്ത്യയെ കരകയറ്റി.
രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ (നമന്‍ ഓജ, കുശാല്‍ പെരേര) അരങ്ങേറ്റത്തിനു സാക്ഷിയായ സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ആദ്യ ദിനം മഴ കൊണ്ടുപോയി. 15 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്നലെ രണ്ടിന് 50 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ ധമ്മികയുടെ നേതൃത്വത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ ഹതാശരാക്കി. നിസാര സ്കോറിന് ഇന്ത്യ കൂടാരം കയറുമെന്ന സ്ഥിതിയിലാണ് ചേതേശ്വറും അമിതും പോരാട്ടം എതിര് ക്യാമ്പിലേക്കു നയിച്ചത്. നങ്കൂരമിട്ട ചേതേശ്വര്‍ 277 പന്തില്‍ 13 ഫോറുകളോടെ 135ലെത്തി.
അമിത് മിശ്രയാകട്ടെ അല്‍പ്പം വേഗത്തില്‍ സ്കോര്‍ ചെയ്തു. 87 പന്തില്‍ ഏഴു ബൗണ്ടറികളോടെ ഇദ്ദേഹത്തിന്റെ 59 റണ്‍സ്. രംഗന ഹെറാത്തിന്റെ പന്ത് മനസിലാക്കുന്നതില്‍ പിഴച്ച താരത്തെ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര സ്റ്റംപ് ചെയ്ത് പുറത്താക്കി. രണ്ട് റണ്‍സുമായി ഇഷാന്ത് ശര്‍മ ക്രീസില്‍.
രോഹിത് ശര്‍മ (26), നമന്‍ ഓജ (21), നായകന് വിരാട് കോഹ്ലി (18) എന്നിവരും രണ്ടക്കം കണ്ടു. കഴിഞ്ഞ ടെസ്റ്റിലെ സെഞ്ചുറിക്കാര്‍ രാഹുലും (രണ്ട്), അജിങ്ക്യ രഹാനെയും (എട്ട്) പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 83 റണ്‍സ് വഴങ്ങിയാണ് ധമ്മിക പ്രസാദ് നാല് ഇരകളെ കണ്ടെത്തിയത്. മഴമേഘങ്ങള്‍ നിറഞ്ഞതോടെ ഇന്നലെയും നേരത്തെ കളിനിര്‍ത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്സ്
കെ.എല്‍. രാഹുല്‍ ബി പ്രസാദ് 2, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 135, അജിങ്ക്യ രഹാനെ എല്‍ബിഡബ്ല്യു ബി പ്രദീപ് 8, വിരാട് കോഹ്ലി സി പെരേര ബി മാത്യൂസ് 18, രോഹിത് ശര്‍മ സി തരംഗ ബി പ്രസാദ് 26, സ്റ്റുവര്‍ട്ട് ബിന്നി എല്‍ബിഡബ്ല്യു ബി പ്രസാദ് 0, നമന്‍ ഓജ സി തരംഗ ബി കൗശല്‍ 21, ആര്. അശ്വിന് സി പെരേര ബി പ്രസാദ് 5, അമിത് മിശ്ര സ്റ്റംപ്ഡ് പെരേര ബി ഹെറാത്ത് 59, ഇഷാന്ത് ശര്‍മ നോട്ടൗട്ട് 2, എക്സ്ട്രാസ് 16, ആകെ 95.3 ഓവറില്‍ എട്ട് വിക്കറ്റിന് 292.
വിക്കറ്റ് വീഴ്ച: 1-2, 2-14, 3-64, 4-119, 5-119, 6-173, 7-180, 8-284.
ബൗളിങ്: ധമ്മിക പ്രസാദ് 23.3-4-83-4, നുവാന്‍ പ്രദീപ് 22-6-52-1, ഏയ്ഞ്ചലോ മാത്യൂസ് 13-6-24-1, രംഗന ഹെറാത്ത് 25-3-81-1, താരിന്ദു കൗശല്‍ 12-2-45-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: