ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് കേന്ദ്ര ടൂറിസം-സാംസ്കാരിക-വ്യോമയാന മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ച് രാവിലെ 9ന് ക്ഷേത്രത്തില്‍നിന്നും ഭദ്രദീപം ജലമേള നടക്കുന്ന പവലിയനിലേക്ക് ഘോഷയാത്രയായി എത്തിക്കും.വേലകളി,പഞ്ചവാദ്യം,മുത്തുകുടകള്‍ എന്നിവ അകമ്പടി സേവിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 1.30ന് ജലമേള കേന്ദ്ര മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.
മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മത്സര വള്ളംകളി മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ സുവനീര്‍ പ്രകാശനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. വഞ്ചിപ്പാട്ട് ആചാര്യന് ഇടപ്പാവൂര്‍ ദാമോദരന്‍ നായരെ അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എയും, പള്ളിയോട ശില്പി അയിരൂര്‍ ചെല്ലപ്പനാചാരിയെ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും ആദരിക്കും. സമ്മാനദാനം എന്‍എസ്എസ് പ്രസിഡന്റ്് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും.
എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എ മാരായ രാജു എബ്രഹാം, മാത്യു ടി.തോമസ്,പി.സി.വിഷ്ണുനാഥ്,ആര്.രാജേഷ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍, മെമ്പര്‍മാരായ സുഭാഷ് വാസു,പി.കെ.കുമാരന്,കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.പി.എന്‍.സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.എ,ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങള്‍ മത്സരവള്ളംകളിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: