മട്ടാഞ്ചേരി: ദേശീയ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും വോട്ടുബാങ്കിനല്ലെന്നും മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ കോസ്റ്റല്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാനുള്ള സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണത്തിനായുള്ള അട്ടിമറിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒ. രാജഗോപാല്‍. കോസ്റ്റല്‍ പോലീസിന്റെ സ്വന്തം സ്ഥലത്ത് തറക്കല്ലിടല്വരെ തീരുമാനിച്ച് പൊടുന്നനെ ചില മതകേന്ദ്രങ്ങളില്നിന്നുയര്ന്ന പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രി. കൊച്ചി നാവികസേനാകേന്ദ്രം, കോസ്റ്റ് ഗാര്‍ഡ്, തുറമുഖം, ദ്രോണാചാര്യ തുടങ്ങിയവയുടെ കേന്ദ്രങ്ങളും കടല്‍മാര്‍ഗമുള്ള ഭീകരവാദ പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന മുന്നറിയിപ്പുകളും തീരസുരക്ഷ ഏജന്‍സി പ്രവര്‍ത്തനം ശക്തമാക്കേണ്ട പ്രാധാന്യമാണ് വിളിച്ചറിയിക്കുന്നത്. ഈ ഘട്ടത്തിലാണ് മത സംഘടനകളുടെ പിന്‍ബലത്തില്‍ ചിലര്‍ നടത്തുന്ന പരാതികളുടെ പേരില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി കോസ്റ്റല്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും രാജഗോപാല്‍ പറഞ്ഞു. കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്യാമള പ്രഭുവും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: