തിരുവനന്തപുരം: സംസ്ഥാനത്ത് ആധാര രജിസ്ട്രേഷന് നിലവിലുള്ള മുദ്രപ്പത്ര സംവിധാനത്തോടൊപ്പം ഇ- സ്റ്റാമ്പിങ് സംവിധാനം കൂടി ഉപയോഗിക്കാന്‍ അനുമതി. ഇതിനായി 1959ലെ കേരള മുദ്രപ്പത്ര നിയമം ഭേദഗതി ചെയ്യുന്നതിന് കരട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇ- സ്റ്റാമ്പിങ് സംവിധാനം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുമെന്ന് 2013-14ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമ്പ്രദായം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. എന്നാല്‍, 1959ലെ കേരള മുദ്രപ്പത്ര നിയമത്തില്‍ ഇലക്ട്രോണിക് രൂപത്തിലുള്ള സ്റ്റാമ്പ് (ഇ സ്റ്റാമ്പ്) ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളില്ല. പ്രസ്തുത സമ്പ്രദായം ഏതെങ്കിലും ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൈലറ്റ് പദ്ധതിയായി ആരംഭിക്കണമെങ്കില്‍ പോലും മേല്‍പ്പറഞ്ഞ ഭേദഗതി ആവശ്യമാണ്.
സ്മാര്‍ട്ട്സിറ്റിക്ക് അനുവദിച്ച സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് എന്നിവയിലെ ഇളവിന്റെ ആനുകൂല്യം സഹ നടത്തിപ്പുകാര്‍ക്ക് കൂടി ലഭ്യമാകുന്ന രീതിയില്‍ ഉത്തരവുകള്‍ ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സ്മാര്‍ട്സിറ്റിയില്‍ സ്ഥലം അനുവദിച്ചവര്‍ക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ തടസം നേരിട്ട സാഹചര്യത്തിലാണ് ഭേദഗതി അനിവാര്യമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്സിറ്റിയുടെ നടത്തിപ്പുകാരന് സ്റ്റാമ്പ് ഇളവ് ചെയ്തുകൊടുക്കുന്ന കാര്യമാണ് ഉത്തരവില്‍ പറയുന്നത്. ഇവിടെ സ്ഥാപനം തുടങ്ങുന്നതിന് സ്ഥലം ലഭ്യമാകുന്നവര്‍ ഈ ഉത്തരവിന്റെ പരിധിയില്‍ വരുന്നില്ല. ഈ സാഹചര്യത്തിലാണ് നടത്തിപ്പുകാരന് എന്നത് നടത്തിപ്പുകാരും സഹനടത്തിപ്പുകാരും എന്ന് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
സ്വകാര്യ എയ്ഡഡ് കോളേജുകളില്‍ 2010 നു മുന്‍പ് അനുവദിക്കപ്പെട്ട കണ്ടീഷണല്‍ കോഴ്സുകളില്‍ നിയമിതരായ അധ്യാപകരുടെ നിയമനം ക്രമീകരിക്കുവാനും ഭാവികാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പള ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. ശമ്പള കുടിശിക വരുന്ന പക്ഷം ആ തുക അഞ്ചു വര്‍ഷം കഴിഞ്ഞു മാത്രം പിന്‍വലിക്കാനാകുന്ന വിധത്തില്‍ അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ വിതരണം നടത്തുന്നതിനുള്ള സര്‍ക്കാരിന്റെ ഏക വിതരണ ഏജന്‍സിയായി കേരള സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിനെ നിയോഗിക്കും.
ഏജന്റുമാരുടെയും സബ്-ഏജന്റുമാരുടെയും കമ്മീഷനില്‍ നിന്നും സേവന നികുതി ഈടാക്കി സേവനനികുതി വകുപ്പിലടയ്ക്കേണ്ട ചുമതല ക്ഷേമനിധി ബോര്‍ഡിനെ ഏല്പിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതല്‍ സേവന നികുതി ശേഖരിച്ച് അതു വകുപ്പിലടയ്ക്കുവാന് ബോര്‍ഡ് ബാധ്യസ്ഥരായിരിക്കും. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിനെ ബോര്‍ഡിന് നിയോഗിക്കാം.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ, വെള്ളൂര്‍ എച്ച്എന്‍ എലിന്റെ കൈവശമുള്ള സ്ഥലത്തു സ്ഥിതിചെയ്യുന്ന സിഐ എസ് എഫ് കെട്ടിടത്തില്‍ താല്‍ക്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന ഉടമസ്ഥതയിലുള്ള കെട്ടിടം ലഭ്യമാക്കുകയെന്നത് കാലതാമസം ഉണ്ടാക്കുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി പത്രം റദ്ദാകാന്‍ ഇടയാക്കുകയും ചെയ്യുമെന്നതിനാലാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അട്ടപ്പാടി സര്‍ക്കാര്‍ കോളജിന് ആറ് ഏക്കര്‍ ഭൂമിയും പൂവാര്‍ തീരദേശ പോലീസ് സ്റ്റേഷന് 40.47 ആര് ഭൂമിയും അനുവദിച്ചു. മെഴുവേലി വനിതാ ഐടിഐക്ക് സ്ഥലം വാങ്ങാന്‍ 12 ലക്ഷം രൂപ പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ അനുമതി നല്കി. മലയിന്‍കീഴില്‍ പുതിയ സിഐ ഓഫീസ് അനുവദിച്ചു. ഇതിനായി ഏഴ് അധിക തസ്തികയും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: