ന്യൂദല്‍ഹി: അധ്യാപനം മഹത്തായ കര്‍മ്മമാണെന്നും അവരുടെ ധര്‍മ്മം ജ്ഞാനദാനമാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അധ്യാപക ദിനത്തലേന്ന് ആശംസാ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മഹത്തായ കര്മ്മങ്ങളിലൊന്നില് വ്യാപൃതരായിരിക്കുന്ന, ജ്ഞാനം പകര്‍ന്നു നല്‍കുകയെന്ന ധര്‍മ്മം നിര്‍വഹിക്കുന്ന അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്ന ദിവസമെന്ന നിലയില്‍ അധ്യാപക ദിനം നമുക്ക് വിശിഷ്ടാവസരമാണ്.
അധ്യാപകര്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവി കരുപ്പിടിപ്പിക്കുന്നു. അവര്‍ക്ക് ജ്ഞാനം പകര്‍ന്നു നല്കി ഭാവി തലമുറയെ അനുശീലിപ്പിക്കുന്നു. നമ്മുടെ ഗുരു-ശിഷ്യ പാരമ്പര്യമനുസരിച്ച് വിദ്യാര്‍ത്ഥികളില്‍ അധ്യാപകര്‍ അവരുടെ അഗാധമായ ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു. അതവരില്‍ അച്ചടക്കവും അര്‍പ്പണവും പ്രതിജ്ഞാബദ്ധതയും വളര്‍ത്തി മാതൃരാജ്യ സേവനത്തിനുള്ള ത്വര വളര്‍ത്തുന്നു, രാഷ്ട്രപതി പറഞ്ഞു.
പ്രചോദിതനായ അധ്യാപകര്‍ മൂല്യാധിഷ്ഠിതരും യജ്ഞ ബോധമുള്ളവരും ആത്മ പ്രചോദിതരും ഗുണകാംക്ഷികളുമാണ്. വിദ്യാര്‍ത്ഥികളുടെ വൈയക്തിക ലക്ഷ്യങ്ങളെ ദേശീയ ലക്ഷ്യവുമായി കോര്‍ത്തിണക്കി അവരെ സമ്പൂര്‍ണ്ണ ലക്ഷ്യം കൈവരിക്കാന്‍ സജ്ജരാക്കുന്നു.
അധ്യാപകര്‍ക്ക് സമൂഹത്തില്‍ നിന്ന് ബഹുമാനവും അംഗീകാരവും ലഭിക്കണം. വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന സേവനവും അര്‍പ്പണവും അംഗീകരിക്കപ്പെടുന്നുവെന്ന് അവര്‍ക്ക് ബോധ്യമാകണം. ഈ അധ്യാപകരുടെ മികവു തിരിച്ചറിയാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവണം, രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: