ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പാര്‍ട്ടി തീരുമാനം അംഗീകരിക്കും: പി. ശശി

July 1, 2011

കണ്ണൂറ്‍: തനിക്കെതിരെ പാര്‍ട്ടി കൈക്കൊള്ളുന്ന എന്തു തീരുമാനവും അനുസരിക്കുമെന്ന്‌ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി അറിയിച്ചു. തിരുവനന്തപുരത്ത്‌ നടക്കുന്ന സിപിഎം സംസ്ഥാന കമ്മറ്റി ശശിക്കെതിരെ പെരുമാറ്റ ദൂഷ്യം സംബന്ധിച്ച പ്രശ്നത്തിന്‌ അച്ചടക്ക നടപടിയുണ്ടാവുമെന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു ശശി. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കൂടുതലെന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടിനും അച്ചടക്കത്തിനും വിധേയനായാണ്‌ ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്നും ഈ രീതി ഇനിയും തുടരുമെന്നും ശശി പറഞ്ഞു. അവിഹിത ആരോപണങ്ങളെത്തുടര്‍ന്ന്‌ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശശി ഇപ്പോള്‍ തലശ്ശേരി കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ്‌ ചെയ്യുകയാണ്‌. ശശിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മറ്റി ശശി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട്‌ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക്‌ നല്‍കിയതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന കമ്മറ്റിയില്‍ പ്രശ്നത്തില്‍ ചര്‍ച്ചയാരംഭിച്ചിരിക്കുന്നത്‌. പിണറായി വിജയണ്റ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം നടപടി മയപ്പെടുത്തണമെന്നാവശ്യപ്പെടുമ്പോള്‍ കണ്ണൂരുകാരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ.ശ്രീമതി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ശശിക്കെതിരെ കര്‍ശന നടപടിതന്നെ വേണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. പാര്‍ട്ടി ഉന്നതര്‍ക്കെതിരെ ഉയരുന്ന അവിഹിത ആരോപണങ്ങള്‍ ഒരു സാഹചര്യത്തിലും നിസ്സാരവത്കരിക്കരുതെന്നും ഇനിയാര്‍ക്കും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയിലുള്ള ശിക്ഷതന്നെയായിരിക്കണം ശശിക്ക്‌ നല്‍കേണ്ടതെന്നും അച്ചുതാനന്ദന്‍ വിഭാഗവും ഔദ്യോഗിക വിഭാഗത്തിലെ ഒരു വിഭാഗവും ശക്തമായിത്തന്നെ ആവശ്യപ്പെടുകയാണ്‌. ഈ സാഹചര്യത്തില്‍ ശശിക്കെതിരെയുള്ള നടപടി തത്കാലം സസ്പെന്‍ഷനിലും തുടര്‍ന്ന്‌ പുറത്താക്കലിലും കലാശിക്കുമെന്ന്‌ തന്നെയാണ്‌ ലഭിക്കുന്ന സൂചനകള്‍.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick