വാല്മീകിയുടെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടപര്‍വ്വതത്തിനു മുകളിലെത്തിയ രാമലക്ഷ്മണന്മാര് അവിടെ പാര്‍ക്കാന്‍ നിശ്ചയിച്ചു. രാമന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്മണന് ഉറപ്പുള്ള മരത്തടികള്‍ കൊണ്ടുവന്നു. ഇലകള്‍ മേഞ്ഞ ഭംഗിയുള്ള ഒരു കുടില്‍ കെട്ടിയുണ്ടാക്കി.
ഇനി ബലി കര്‍മ്മങ്ങള്‍ നടത്തണം. രാമന്റെ നിര്‍ദ്ദേശപ്രകാരം ഒരു മാനിനെ കൊന്ന് മാംസം ഹോമിച്ച് വിധിപ്രകാരമുള്ള ഗൃഹശാന്തി കര്‍മ്മങ്ങള്‍ ചെയ്തു. ആശ്രമത്തിനു യോജിച്ചവിധത്തില്‍ യാഗത്തറകളും, ഗണപതി മുതലായ ഉപദേവതകളെ പ്രതിഷ്ഠിക്കാനുള്ള തറകളും ഒരുക്കി. കാട്ടുപൂക്കള്‍, ചമത, ദര്‍ഭ, ജലം എന്നിവയുംകൊണ്ട് എല്ലാ ദേവതകള്‍ക്കും പൂജ ചെയ്തു.
അടുത്തുതന്നെ ഗംഗാനദിയുള്ളതിനാല് വളരെ സന്തോഷിച്ചു. അങ്ങനെ അവര്‍ ഗൃഹപ്രവേശം നടത്തി വനവാസ ജീവിതം ആരംഭിച്ചു. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന ചൂടും തണുപ്പുമേശാത്ത ആ പര്‍ണശാല തികച്ചും ഒരാശ്രമത്തിന്റെ പ്രതീതിയുണ്ടാക്കി. അദ്ധ്യാത്മരാമായണം മൂലത്തില്‍ വാല്മീകി കാണിച്ചുകൊടുത്ത സ്ഥലത്ത് കിഴക്കു പടിഞ്ഞാറായി ഒന്നും തെക്കുവടക്കായി ഒന്നും ഇങ്ങനെ രണ്ടു സുന്ദര ഗൃഹങ്ങള്‍ തീര്‍ത്താണ് അവര്‍ താമസമാരംഭിച്ചത് എന്നുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: