ന്യൂദല്‍ഹി: സ്മാര്‍ട്ട് സിറ്റി ഐഡിയ ക്യാമ്പിനു മുന്നോടിയായി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 88 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റി കര്‍മ്മ പദ്ധതി തയ്യാറാക്കാനുള്ള കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ കണ്ടെത്തി. ന്യൂദല്‍ഹിയില്‍ രണ്ടു ദിവസമാണ് ക്യാമ്പ്. ഐസിആര്‍എ മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൊച്ചിക്കുവേണ്ടി പദ്ധതി തയ്യാറാക്കുക.
ഒരാഴ്ചയ്ക്കകം പദ്ധതി കേന്ദ്രനഗര വികസന മന്ത്രാലയത്തില്‍ സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി മേയര്‍ പറഞ്ഞു. എത്രയും വേഗം ആദ്യഗഡു തുക നേടിയെടുക്കാനാണ് ശ്രമമെന്നും മേയര്‍ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് നൂറു കോടി രൂപ വീതമാണ് കേന്ദ്രനഗരവികസന മന്ത്രാലയം സ്മാര്‍ട്ട്സിറ്റി നഗരങ്ങള്‍ക്ക് നല്‍കുന്നത്. 48,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 10 നഗരങ്ങളാണ് ഇതുവരെ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ ബാക്കിയുള്ളത്. ഈയാഴ്ചയ്ക്കുള്ളില്‍ ഇവയും കണ്‍സല്‍ട്ടിങ് സ്ഥാപനത്തെ നിയമിക്കും. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ സ്മാര്‍ട്ടി സിറ്റി വികസനത്തിനായി രണ്ടു നഗരങ്ങളെ ഇനിയും നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല.
ഐസിആര്‍എ മാനേജ്മെന്റ് കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്, എന്ജെഎസ് എന്‍ജിനിയേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റുമായി ചേര്‍ന്ന് കൊച്ചി ഉള്‍പ്പെടെ അഞ്ചു നഗരങ്ങളുടെ കരാര്‍ നേടിയിട്ടുണ്ട്. ക്രിസില്‍ റിസ്ക് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സ് ലിമിറ്റഡും പ്രീ മൂവ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കണ്‍സല്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡും പ്രൊബിറ്റി സോഫ്ട് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ആറു നഗരങ്ങളുടെ കരാര്‍ സ്വന്തമാക്കി. ജോനസ് ലാങ് ലാ സല്ലേ പ്രോപേര്‍ട്ടി കണ്‍സല്‍ട്ടന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ടൗണ്ലാന്ഡ് കണ്‍സല്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡും ടാറ്റ കണ്‍സല്‍ട്ടിങ് എന്‍ജിനിയേഴ്സും ചേര്‍ന്ന് അഞ്ച് നഗരങ്ങളുടെ കരാര്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: