ബിജെപി പ്രവര്‍ത്തകര്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു

Friday 1 July 2011 11:02 pm IST

കോതമംഗലം: ബിജെപി വാരപ്പെട്ടി പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടിയില്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു. കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയമായ രാവിലെ 8.30മുതല്‍ 9.30 വരെയും വൈകിട്ട്‌ 3.30 മുതല്‍ 4.30 വരെയും ടിപ്പറുകള്‍ക്കുള്ള നിയന്ത്രണം ലംഘിച്ച്‌ സ്കൂള്‍ പരിസരത്തുകൂടി ഓടുന്നതുകൊണ്ടാണ്‌ ടിപ്പറുകള്‍ തടഞ്ഞത്‌.
ബിജെപി വാരപ്പെട്ടി പഞ്ചായത്ത്‌ സമിതിയുടെയും കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെയും നേതാക്കള്‍ സ്കൂള്‍ തുറന്ന സമയത്ത്‌ കോതമംഗലം പോലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ട്‌ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ടിപ്പറുടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ടിപ്പറുകള്‍ മരണപ്പാച്ചില്‍ തുടരുകയായിരുന്നു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ബാബു, സെക്രട്ടറി അനില്‍ ആനന്ദ്‌, പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ പി.എന്‍. അജിത്കുമാര്‍, ജനറല്‍ സെക്രട്ടറി അജയന്‍ തുരുത്തേല്‍, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌. എസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ടിപ്പറുകള്‍ തടഞ്ഞത്‌.